india-australia-third-odi

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ 236 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ. 237 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുകയായിരുന്നു. മൂന്ന് വിക്കറ്റിന് 183 റൺസെന്ന മികച്ച നിലയിലായിരുന്ന ഓസീസ് 50 റണസ് കൂടി കൂട്ടിച്ചേ‌‌ർത്ത് ഓൾഔട്ടാകുകയായിരുന്നു.

മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ ഓസീസിനെ തകർത്തത്. ഹർഷിതിന്റെ മികച്ച പ്രകടനവും മറ്റ് ഇന്ത്യൻ ബൗളർമാരുടെ പ്രയത്നവുമാണ് ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്. 39 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ഹർഷിത് സ്വന്തമാക്കിയത്. കരിയറലെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഓസീസ് ബാറ്റിംഗ് നിരയെ തകർക്കുകയായിരുന്നു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം കാത്ത ഹർഷിത് റാണയുടെ പ്രകടനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. താരത്തിനൊപ്പം വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.

അതേസമയം രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിൽ ഇറങ്ങിയത്. ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഓസിസ് ഇന്നിംഗ്‌സ് വേഗത്തിൽ വിരാമമിടാൻ നിർണായക പങ്ക് വഹിച്ചു.

പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും ഒരു വിജയമെങ്കിലും നേടി ടീമിന്റെ കരുത്ത് കാട്ടാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ രണ്ട് മത്സരങ്ങളിൽ സംപൂജ്യനായി പുറത്ത് പോയ വിരാട് കൊഹ്ലിക്ക് മത്സരം നിർണായകമാണ്. ക്യാപ്ടൻ ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദത്തിലാണ്. നായകനായ ശേഷമുള്ള ആദ്യ പരമ്പര കൈവിട്ടതിന്റെ നിരാശയ്‌ക്കൊപ്പം, ഗില്ലിന്റെ മോശം ബാറ്റിംഗ് ഫോമും അദ്ദേഹത്തിന് കനത്ത തിരിച്ചടിയാകും.