
കാമുകനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അച്ഛൻ പിടികൂടിയതിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവച്ച് 19കാരി. റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന ഉപദേശം തേടിയത്. 'ഞാൻ എന്റെ കാമുകനോടൊപ്പം സിറ്റിയിലുള്ള പുതിയൊരു കഫേയിലേക്ക് പോവുകയായിരുന്നു. അച്ഛൻ ഡ്യൂട്ടിക്ക് പോയിരിക്കുകയാണെന്നാണ് കരുതിയത്. അദ്ദേഹം പൊലീസിലാണ്. കാമുകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അവിചാരിതമായി ഞാനൊന്ന് തല തിരിച്ചു നോക്കിയപ്പോൾ അച്ഛൻ ഞങ്ങളെ പിന്തുടരുന്നത് കണ്ടു.ഉടൻ തന്നെ വണ്ടി നിർത്താൻ കാമുകനോട് ആവശ്യപ്പെട്ടു,' യുവതി കുറിച്ചു.
പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും യുവതി വെളിപ്പെടുത്തി. തന്റെ പങ്കാളിയുമായി അച്ഛൻ വിനയത്തോടെ സംസാരിച്ചുവെന്നും, പേര്, കോളേജ്, മേൽവിലാസം എന്നിവ ചോദിച്ച് അറിഞ്ഞെന്നും യുവതി പറയുന്നു. അതിനു ശേഷം അച്ഛൻ യുവതിക്ക് രണ്ട് ഓപ്ഷനുകൾ നൽകി. ഒന്നുകിൽ കാമുകനോടൊപ്പം യാത്ര തുടരുക, അല്ലെങ്കിൽ അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുക. യുവതി രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ സംഭവത്തിന് ശേഷം അച്ഛൻ വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല, ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു.
'കാമുകനെക്കുറിച്ച് അച്ഛൻ ചോദിക്കുകയാണെങ്കിൽ, അത് എന്റെ കാമുകനാണെന്ന് ഞാൻ സമ്മതിക്കണോ, അതോ ഞങ്ങൾ മറ്റ് സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നുവെന്ന് പറഞ്ഞ് വെറുമൊരു കൂട്ടുകാരനായിരുന്നു അതെന്ന് പറയണോ?' ഇതാണ് റെഡ്ഡിറ്റ് ഉപയോക്താക്കളോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് യുവതിക്ക് അറിയേണ്ടിയിരുന്നത്.
ആശയക്കുഴപ്പത്തിലായ യുവതിക്ക് ഒട്ടേറെ ഉപദേശങ്ങളാണ് റെഡ്ഡിറ്റ് ഉപയോക്താക്കളിൽ നിന്ന് ലഭിച്ചത്. 'ചിരിച്ചുകൊണ്ട് കാമുകൻ റാപ്പിഡോ ഡ്രൈവറാണെന്ന് പറയുക'. ഒരു ഉപയോക്താവ് നിർദ്ദേശിച്ചു. എന്നാൽ ആ നിർദ്ദേശം യുവതി തള്ളിക്കളഞ്ഞു. താൻ താമസിക്കുന്ന സ്ഥലത്ത് റാപ്പിഡോ പോലുള്ള സേവനങ്ങളൊന്നും ലഭ്യമല്ലെന്നാണ് യുവതി പറയുന്നത്. 'അച്ഛൻ എന്നും അച്ഛനാണ്, അതുകൊണ്ട് അദ്ദേഹത്തിന് എല്ലാം അറിയാമായിരിക്കും,' മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'ഇതാണ് ഹെൽമറ്റ് ധരിക്കണമെന്ന് പറയുന്നത്,' ഒരാൾ ചൂണ്ടിക്കാട്ടി.