pranav

മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഇരുവരും സാമ്യതയുള്ള പ്രൊഫൈൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഡീയസ് ഈറേ' യുടെ ട്രയ്‌ലർ പുറത്തിറങ്ങിയതിന് ശേഷമാണ് ഇരുവരും പ്രൊഫൈല്‍ ചിത്രങ്ങളിൽ മാറ്റം വരുത്തിയത്. 'ഡീയസ് ഈറേ'യുടെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ പാറ്റേണിലുള്ളതാണ് രണ്ട് പ്രൊഫൈല്‍ ചിത്രങ്ങളും.

ഡീയസ് ഈറേ ഒക്ടോബർ 31ന് റിലീസ് ചെയ്യും. 'ക്രോധത്തിന്റെ ദിനം' എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ട്രയ്‌ലർ പങ്കുവയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പ്രണവും മോഹൻലാലും പ്രൊഫൈല്‍ ചിത്രങ്ങളിൽ മാറ്റം വരുത്തിയത്. പിന്നാലെ 'ഡീയസ് ഈറേ' ബന്ധം ചൂണ്ടിക്കാട്ടി ആരാധകരും കമന്റുകളുമായെത്തി. മോഹൻലാലും ചിത്രത്തിൽ ഉണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഡീയസ് ഈറേ'.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈസ് നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭ്രമയുഗ'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കേരളത്തിൽ ഇ ഫോർ എക്സ്പെരിമെന്റ്സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഹോം സ്ക്രീൻ എന്റർടൈൻമെന്റ്സ്, തിങ്ക് സ്റ്റുഡിയോസ്, വികെ ഫിലിംസ്, പ്രൈം മീഡിയ യുഎസ്, ബെർക് ഷെയർ ഡ്രീം ഹൗസ്, ഇസാനഗി ഫിലിംസ് എന്നിവരും വിവിധ റിലീസ് ജോലികളിൽ പങ്കാളികളാണ്. ഷെഹ്‌നാദ് ജലാൽ ISC ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജ്യോതിഷ് ശങ്കർ കലാസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം നൽകുന്നത്. എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്ത് എന്നിവരുമാണ്.