
ഇടുക്കി: നിരപ്പേലിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ വൃദ്ധ അറസ്റ്റിൽ. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. സംഭവത്തിൽ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് പിടിയിലായത്. സുകുമാരന്റെ അച്ഛന്റെ സഹോദരിയാണ് തങ്കമ്മ. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ആക്രമണത്തിനിടയിൽ തങ്കമ്മയ്ക്കും പൊളളലേറ്റിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തങ്കമ്മയും സുകുമാരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ സുകുമാരനെതിരെ ഇവർ പൊലീസ് സ്റ്റേഷനിൽ മുൻപും കേസും നൽകിയിരുന്നു. 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്.
പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ സഹായത്തോടെ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.