murali

തിരുവനന്തപുരം: പിണറായി സർക്കാരിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേക്കാൾ സ്വാധീനം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഉണ്ടെന്നാണ് സർക്കാരിന്റെ നടപടികൾ വ്യക്തമാക്കുന്നതെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വകുപ്പിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക, സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുക,റദ്ദാക്കിയ 3000 കോളേജ് അധ്യാപക തസ്തികകൾ പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, സർക്കാരിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ട ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക,തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തിയാണ് ധർണ സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ച ധർണ്ണ പരിപാടിയിൽ മുൻമന്ത്രി വിഎസ് ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. റോണി ജോർജ്,കെ എസ് ഗോപകുമാർ, അഹമ്മദ് ഫസിൽ, ഡോ. എബിൻ മാത്യു, ഡോ. യു. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.