
ഹൈദരാബാദ്: നമ്മുടെ ദേശീയപാതകളിലെ അശ്രദ്ധമായ ഡ്രൈവിംഗിന്റെ ഭീകരത ഒരിക്കൽ കൂടി വെളിപ്പെടുത്തിക്കൊണ്ടുള്ള ഡാഷ്‌കാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 4.30ന് ഒരു കാർ ഡ്രൈവർ തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണിത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ, ഡ്രൈവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അശ്രദ്ധമായ ഡ്രൈവിംഗിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പറയാനാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കാരണമാണ് തനിക്ക് അപകടകരമായ സാഹചര്യമുണ്ടായതെന്ന് വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു.
'ഇന്നലെ പുലർച്ചെ 4.30 ന് ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള റോഡിൽ ഒരു സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് ഞാൻ രക്ഷപ്പെട്ടത്. ഭാഗ്യവശാൽ ആ സമയത്ത് ഞാൻ പരിഭ്രാന്തനായില്ല. എന്റെ തെറ്റായ ചെറിയൊരു നീക്കം ചിലപ്പോൾ വലിയൊരു അപകടത്തിൽ കലാശിക്കുമായിരുന്നു.
'സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം ഹൈവേകളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ ആയിരക്കണക്കിന് പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. എന്നാൽ, സംഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ ഭിന്നതയുണ്ടായി.
നിരവധി പേർ ഡ്രൈവറുടെ രക്ഷപ്പെടലിൽ ഞെട്ടലും സഹതാപവും രേഖപ്പെടുത്തി. 'ആ അപകടത്തിൽ നിന്നുള്ള നിങ്ങളുടെ രക്ഷപ്പെടൽ ഒരു ചിരിയോടെയും നെടുവീർപ്പോടെയും അതിജീവിച്ച ഹൊറർ സിനിമ പോലെ തോന്നുന്നു,' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
എന്നാൽ ഡ്രൈവറുടെ ഡ്രൈവിംഗിനെ ചോദ്യം ചെയ്യുന്നവരും കുറവായിരുന്നില്ല. അദ്ദേഹം പാലിക്കേണ്ട ലൈൻ ട്രാഫിക് അച്ചടക്കത്തെക്കുറിച്ചും ചിലർ പരാമർശിച്ചു. മറ്റു ചിലർ മുന്നിലുള്ള വാഹനത്തിൽ നിന്ന് ആവശ്യമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഉപദേശിച്ചു.
ചില ഉപയോക്താക്കൾ ബസ് ഡ്രൈവറെ ന്യായീകരിക്കുകയും മറ്റ് വാഹനങ്ങൾ ലെയ്‌നുകൾ തടസപ്പെടുത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വാദിക്കുകയും ചെയ്തു. 'ബസ് ഡ്രൈവറുടെ ഭാഗത്ത് തെറ്റൊന്നും കാണുന്നില്ല. അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. ഇടതുവശത്ത് ഓവർടേക്ക് ചെയ്യുന്നതിന് ബസിനെ കുറ്റപ്പെടുത്തണമെങ്കിൽ, വലത് ലെയ്‌നിൽ സാവധാനം പോകുന്ന ട്രക്കുകളെയും നമ്മൾ ഒഴിവാക്കണം,' മറ്റൊരു ഉപയോക്താവ് വാദിച്ചു.