satish-shah

ന്യൂഡൽഹി: ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ മുതിർന്ന ഹിന്ദി നടൻ സതീഷ് ഷാ (74) അന്തരിച്ചു. സിനിമാ നിർമാതാവ് അശോക് പണ്ഡി​റ്റാണ് മരണവിവരം പുറത്തുവിട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അദ്ദേഹം മരിച്ചത്. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് സതീഷ് ഷാ ചികിത്സയിലായിരുന്നു. ആരോഗ്യം വഷളായതോടെ സതീഷിനെ മുംബയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു.

1951 ജൂൺ 25ന് മുംബയിൽ ജനിച്ച അദ്ദേഹത്തിന് കച്ചി ഗുജറാത്തി പശ്ചാത്തലമാണുളളത്. 1978ൽ അരവിന്ദ് ദേശായി കി അജീബ് ദസ്താൻ എന്ന ചിത്രത്തിലൂടെയാണ് സതീഷ് സിനിമയിൽ അരങ്ങേ​റ്റം കുറിച്ചത്. ഹം സാത്ത് സാത്ത് ഹേ (1999), കൽ ഹോ നാ ഹോ (2003), മുജ്‌സെ ഷാദി കരോഗി (2004), ഓം ശാന്തി ഓം (2007) എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകൾ. 250ലേറെ സിനിമകളിൽ വേഷമിട്ടു.

സേവിയേഴ്‌സ് കോളേജിൽ നിന്ന് ബിരുദം നേടിയ സതീഷ് ഷാ പിന്നീട് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. 2015ൽ, അദ്ദേഹത്തെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സൊസൈറ്റിയിൽ അംഗമായി നിയമിച്ചു. ഡിസൈനർ മധു ഷായാണ് ഭാര്യ.