-osama-bin-laden

ന്യൂഡൽഹി: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെത്തുടർന്ന് യുഎസ് സേന തിരയുകയായിരുന്ന അൽ ഖ്വയിദ നേതാവ് ഒസാമ ബിൻ ലാദൻ തോറബോറ മലനിരകളിൽ നിന്ന് രക്ഷപ്പെട്ടത് സ്ത്രീ വേഷത്തിലെന്ന് വെളിപ്പെടുത്തൽ. സിഐഎയുടെ ഭീകരവാദ പ്രതിരോധ വിഭാഗത്തിന്റെ പാകിസ്ഥാനിലെ തലവനായിരുന്ന ജോൺ കിരിയാക്കോയാണ് വെളിപ്പെടുത്തൽ നടത്തിയത്. 15 വർഷം സിഐഎയുടെ ഭാഗമായി പ്രവർത്തിച്ചയാളാണ് കിരിയാക്കോ.

'സൈന്യത്തിന്റെ കമാൻഡറുടെ ദ്വിഭാഷി യഥാർത്ഥത്തിൽ യുഎസ് സൈന്യത്തിൽ നുഴഞ്ഞുകയറിയ അൽ ഖ്വയിദ പ്രവർത്തകനായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ബിൻ ലാദനെ വളഞ്ഞുവെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. മലയിറങ്ങി വരാൻ ഞങ്ങൾ ലാദനോട് ആവശ്യപ്പെട്ടു. പ്രഭാതം വരെ സമയം തരുമോ? ഞങ്ങൾക്ക് സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കണം. അതിനുശേഷം ഞങ്ങൾ താഴെവന്ന് കീഴടങ്ങാം എന്നായിരുന്നു ബിൻ ലാദന്റെ മറുപടി. ആ ആവശ്യം അംഗീകരിക്കാൻ ദ്വിഭാഷി സൈനിക കമാൻഡറെ പ്രേരിപ്പിച്ചു. എന്നാൽ ലാദൻ ഒരു സ്ത്രീ വേഷം ധരിച്ച് ഇരുട്ടിന്റെ മറവിൽ ഒരു പിക്കപ്പ് ട്രക്കിൽ രക്ഷപ്പെടുകയായിരുന്നു'- എന്നാണ് കിരിയാക്കോയുടെ വെളിപ്പെടുത്തൽ.

പിന്നീട് വർഷങ്ങളോളം ബിൻ ലാദനെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിരുന്നില്ല. 2011ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ ലാദൻ ഒളിവിൽ കഴിഞ്ഞ സങ്കേതം യുഎസ് സൈന്യം കണ്ടെത്തി. നിരന്തര നിരീക്ഷണം നടത്തി അത് ലാദനാണെന്ന് സൈന്യം ഉറപ്പിച്ചു. ശേഷം കമാൻഡോ ഓപ്പറേഷനിലൂടെ ബിൻ ലാദനെ യുഎസ് വധിക്കുകയായിരുന്നു.