alfey

ജീവിതത്തിൽ സംഭവിക്കുന്ന പ്രയാസങ്ങൾ കാരണം തളർന്നുപോകുന്നവരുണ്ട്, പൂപോലെ അവയെ തരണം ചെയ്യുന്നവരുമുണ്ട്. നിരന്തരമായുള്ള ബുദ്ധിമുട്ടുകളെ 'കട്ട്' ചെയ്‌ത് മാറ്റുന്ന ഒരു കൊച്ചുമിടുക്കനുണ്ട്. കൊച്ചിയിലെ സാംസ്‌കാരിക നഗരമായ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന 12 വയസുകാരൻ ആൽഫി നിബിൻ. വെറും ആറ് മാസം പ്രായമുള്ളപ്പോൾ തലച്ചോറിന് ബാധിക്കുന്ന അപൂർവമായൊരു ട്യൂമർ ആൽഫിക്കുണ്ടായി. രോഗത്തിന്റെ ഭാഗമായുള്ള ചികിത്സയും മറ്റുമായി തീരെ ചെറുപ്പം മുതൽ മുന്നോട്ടുപോയതോടെ മറ്റ് കുട്ടികളെ പോലെ സാധാരണ സ്‌കൂളിൽ പോകുന്ന പതിവ് പറ്റാതെയായി.

പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ വന്ന ട്യൂമർ ആണ് ആൽഫിക്ക് ചെറുപ്പത്തിൽ ബാധിച്ചത്. അത് പൂർണമായും മാറിയിട്ടില്ല. അതിനാൽ രോഗപ്രതിരോധ ശേഷിക്കുറവ് ബുദ്ധിമുട്ടുള്ളതിനാലാണ് സാധാരണ കുട്ടികളെപ്പോലെ സ്‌കൂളിലൊന്നും വിടാൻ സാധിക്കാതെ വന്നത്.

ആദ്യമായി ആറോ ഏഴോ വയസുള്ളപ്പോൾ കൈകളുടെ ചലനശേഷി മികവാർന്നതാക്കാൻ അമ്മ വെളുത്തുള്ളി തൊലികളഞ്ഞുതരാൻ കുഞ്ഞ് ആൽഫിക്ക് നൽകി. ആ ഹോബി അവന് വളരെ നന്നായി ഇഷ്‌ടപ്പെട്ടു. ചെറിയ ഉള്ളി തൊലിക്കുമ്പോൾ എല്ലാവർക്കുമുണ്ടാകുന്ന കണ്ണ‌ുനീറുന്ന‌ പ്രശ്‌നമൊന്നും ആൽഫിക്കുണ്ടാകില്ല കാരണം ഉള്ളിയുടെ അറ്റം മുറിക്കാതെ തന്നെയാണ് തൊലി കളഞ്ഞ് അവൻ വൃത്തിയാക്കി നൽകിയിരുന്നത്.

തിങ്കൾ, ബുധൻ ദിവസങ്ങളിൽ ടീച്ചർമാർ വരാറുണ്ട്. ഇതിനിടയിലുള്ള സമയം ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ആൽഫിക്ക് വെജിറ്റബിൾ കട്ട് ചെയ്യാൻ നൽകിത്തുടങ്ങിയത്. ഇപ്പോൾ ഒറ്റയിരുപ്പിന് അരകിലോ ചെറിയ ഉള്ളിയൊക്കെ പൊളിച്ച് തരുമെന്ന് അമ്മ ദീപ പറയുന്നു. ആദ്യമൊക്കെ അരിഞ്ഞതിന്റെ ബാക്കി കളയേണ്ടി വന്നിരുന്നു. പിന്നീടാണ് ഇങ്ങനെ അരിഞ്ഞത് കളയാതെ കടകളിലും മറ്റും ഇത്തരത്തിൽ നൽകുന്ന പരിചയക്കാരോട് എടുക്കുമോ എന്ന് ചോദിച്ചത്. അവരാണ് അതുവേണ്ട പകരം പരിചയക്കാർക്ക് നേരിട്ട് നൽകാൻ ആവശ്യപ്പെട്ടത്.

തുടർന്ന് ആൽഫിയുടെ മാതാപിതാക്കൾ കൊടകര സ്വദേശി നിബിൻ തോബിയാസും ദീപയും വാട്‌സാപ്പിൽ 'ആൽഫിസ് കട്‌സ്' എന്ന പേരിൽ കുഞ്ഞ് ആൽഫിയുടെ ഈ മിടുക്ക് സ്റ്റാറ്റസാക്കി. ഇതോടെ ഫ്ളാറ്റിലുള്ള അയൽക്കാരിൽ ചിലർ അത് വാങ്ങി. വൈകാതെ ഫ്ളാറ്റിലെ മറ്റുള്ളവരും അവന്റെ ടീച്ചർമാരും ആൽഫിയുടെ കൈയിൽ നിന്നും ആവശ്യമുള്ളത് കട്ട് ചെയ്‌ത് വാങ്ങാൻ തുടങ്ങി. ഇതോടെ രോഗത്തിന്റെ ബുദ്ധിമുട്ടുകളെ ആൽഫി പൂർണമായും മറന്നുതുടങ്ങി. ഇപ്പോൾ നേരം പുലരുമ്പോൾതന്നെ ഇ‌ന്ന്‌ ആർക്ക് വെജിറ്റബിൾ മുറിച്ച് നൽകണം? എന്ന് ആൽഫിക്കുട്ടൻ ചോദിക്കുന്നതായി അച്ഛനമ്മമാർ പറയുന്നു.

ഈ ചെറിയ കഴിവ് ആൽഫിക്ക് ആളുകളോട് ഇടപഴകാനും അവസരമുണ്ടാക്കി. കട്ട് ‌ചെയ്‌ത പച്ചക്കറികൾ വാങ്ങാനെത്തുന്ന ആളുകളുമായി ബന്ധം വർദ്ധിച്ചു.തന്റെ ഹോബിയെ ആൽഫി വളരെയധികം ഇഷ്‌ടപ്പെട്ടുതുടങ്ങി.ആൽഫിയുടെ ഈ മാറ്റം അവനെ സ്‌നേഹിക്കുന്നവർക്ക് വലിയ ആശ്വാസമായി.

അച്ഛനമ്മമാരോ പ്രിയപ്പെട്ടവരോ അടുത്തില്ലെങ്കിലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഇതുവഴി അവൻ പഠിച്ചു. പഠിപ്പിക്കുന്ന അദ്ധ്യാപകരും അവന്റെ കൈയിൽ നിന്ന് ആൽഫിസ് കട്‌സ് വഴി കട്ട് വെജിറ്റബിൾസ് വാങ്ങി. രോഗങ്ങളും പ്രയാസങ്ങളും സൃഷ്‌ടിക്കുന്ന തടസങ്ങളെ അങ്ങനെ ആൽഫിസ് കട്ട് വഴി കുഞ്ഞ് ആൽഫി മറികടക്കാൻ പഠിച്ചു.