
ന്യൂയോർക്ക് : 1940കളുടെ അവസാനം. മലേഷ്യയിലെ മലാക്കയ്ക്ക് സമീപം ഒരു അജ്ഞാത കപ്പലിൽ നിന്നുള്ള അപായ സന്ദേശങ്ങൾ ആ ഭാഗത്ത് കൂടി പോയ മറ്റ് കപ്പലുകൾക്ക് ലഭിച്ചു. രണ്ട് ഭാഗമായാണ് സന്ദേശം എത്തിയത്. സന്ദേശത്തോടൊപ്പം ഒരു അജ്‌ഞാത കോഡുമുണ്ടായിരുന്നു. ആ കോഡ് എന്താണെന്ന് മനസിലാക്കാൻ ആർക്കും കഴിഞ്ഞില്ല. അപായ സന്ദേശം ഇങ്ങനെ ' ക്യാപ്ടൻ ഉൾപ്പെടെ എല്ലാ ഓഫീസർമാരും മരിച്ചു. കപ്പലിന്റെ ചാർട്ട്റൂമിലും ബ്രിഡ്ജിലുമായി കിടക്കുന്നു. കപ്പലിലെ എല്ലാവരും മരിച്ചു... ഞാനും മരിക്കും "!
പിന്നീട് സന്ദേശമൊന്നുമുണ്ടായില്ല. അമേരിക്കൻ കപ്പലുകളായ സിൽവർ സ്റ്റാർ, സിറ്റി ഒഫ് ബാൾട്ടിമോർ എന്നിവ സിഗ്നൽ പിന്തുടർന്ന് അജ്ഞാത കപ്പലിനെ കണ്ടെത്തി. ഡച്ച് ചരക്കു കപ്പലായിരുന്ന എസ്.എസ് ഒറാംഗ് മെഡാനിൽ നിന്നായിരുന്നു സന്ദേശങ്ങൾ എത്തിയത്.
ചരക്കുകപ്പലായ സിൽവർ സ്റ്റാർ ആണ് ആദ്യം ഒറാംഗ് മെഡാന്റെ അടുത്തെത്തിയത്. കാഴ്ചയിൽ ഒറാംഗ് മെഡാൻ വളരെ ശാന്തമായിരുന്നു. എന്നാൽ, സിൽവർ സ്റ്റാറിലെ ജീവനക്കാർ ഒറാംഗ് മെഡാന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പ്രേത സിനിമകളിലൊക്കെ കാണുന്നതുപോലുള്ള അന്തരീക്ഷമായിരുന്നു ഒറാംഗ് മെഡാനിൽ കണ്ടത്. കപ്പലിലെ എല്ലാവരും മരിച്ചു കിടക്കുന്നു. എന്തോ കണ്ട് ഭയന്ന പോലെ എല്ലാവരുടെയും കണ്ണുകൾ പുറത്തേക്ക് തള്ളിനിന്നിരുന്നു. അവരുടെ മുഖങ്ങളിലും ഭയത്തിന്റെ ഭാവം പ്രകടമായിരുന്നു.
എന്തിൽ നിന്നോ രക്ഷപെടാൻ ശ്രമിച്ചപോലെയായിരുന്നു ഓരോ മൃതദേഹങ്ങളും കിടന്നിരുന്നത്. കപ്പലിലുണ്ടായിരുന്ന നായയും ചത്തു. ഒറാംഗ് മെഡാന്റെ ക്യാപ്ടനെ കപ്പലിന്റെ ബ്രിഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാർട്ട്റൂമിലും വീൽഹൗസിലും ഓഫീസർമാർ മരിച്ചു കിടക്കുന്നത് കണ്ടെത്തി. അപായ സന്ദേശങ്ങൾ അയച്ചെന്ന് കരുതുന്ന റേഡിയോ ഓപ്പറേറ്ററും സമാന രീതിയിൽ മരിച്ചുകിടക്കുന്നു.
# അസാധാരണം
സിൽവർ സ്റ്റാറിലെ ജീവനക്കാർ ഒറാംഗ് മെഡാനിൽ കണ്ടെത്തിയതെന്ന് പറയപ്പെടുന്ന ചില വിചിത്ര വസ്തുതകൾ;
ഒറാംഗ് മെഡാനിൽ എവിടെ നിന്നോ ഒരു തരം തണുപ്പ് വന്നു
മരിച്ച ആരുടെയും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നില്ല. തണുത്ത് മരവിച്ച ആ മൃതദേഹങ്ങൾ സാധാരണ നിലയേക്കാൾ വേഗത്തിൽ ജീർണിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു
ഒറാംഗ് മെഡാനിൽ പ്രത്യക്ഷത്തിൽ തകരാറുകളൊന്നും കണ്ടെത്തിയില്ല. അതിനാൽ ഒറാംഗ് മെഡാനെ കരയിലേക്കെത്തിക്കാൻ സിൽവർ സ്റ്റാറിന്റെ ക്യാപ്ടൻ തീരുമാനിച്ചു
സിൽവർ സ്റ്റാറുമായി ഒറാംഗ് മെഡാനെ ബന്ധിപ്പിച്ച നിമിഷം ഒറാംഗ് മെഡാന്റെ നാലാം നമ്പർ കാർഗോ ഹോൾഡിൽ നിന്ന് പുക ഉയർന്നു. വൈകാതെ, ഒറാംഗ് മെഡാനിൽ ശക്തമായ പൊട്ടിത്തെറിയുണ്ടായി. ഇതിന്റെ ഫലമായുണ്ടായ ദ്വാരത്തിലൂടെ വെള്ളം മുകളിലേക്ക് കയറി. ഒറാംഗ് മെഡാൻ കടലിൽ മുങ്ങി
# എല്ലാം മിഥ്യയോ ?
ഒറാംഗ് മെഡാൻ കപ്പൽ നിലനിന്നു എന്നതിന് യാതൊരു രേഖകളും ലഭ്യമല്ല. ഒറാംഗ് മെഡാന് അപകടം സംഭവിച്ചത് എന്നാണെന്നും കൃത്യമായി അറിയില്ല. ഓരോ രേഖകളിലും വ്യത്യസ്ത വർഷങ്ങളാണ്. 1952 മേയിലാണ് സംഭവവുമായി ബന്ധപ്പെട്ട ആദ്യത്തെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. സിൽവർ സ്റ്റാർ കപ്പലിലുണ്ടായിരുന്നതെന്ന് കരുതുന്ന ചിലരുടെ മൊഴി യു.എസ് കോസ്റ്റ് ഗാർഡ് ആണ് രേഖപ്പെടുത്തിയത്. ഒറാംഗ് മെഡാൻ എന്നൊരു കപ്പലിലെല്ലന്നും സിൽവർ സ്റ്റാർ കപ്പലിലെ ജീവനക്കാരുടെ സാങ്കല്പിക സൃഷ്ടിയാണെന്നും ആരോപിക്കുന്നവേറെയാണ്.
ഒറാംഗ് മെഡാന്റെ ചരക്കുകളിൽ പൊട്ടാസ്യം സയനേഡും നൈട്രോഗ്ലിസറിനും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വളരെ അപകടകരമായ രാസവസ്തുക്കളായതിനാൽ കടലിലൂടെ ഇവ കൊണ്ടുപോകാൻ നാവികർ തയാറാകാറില്ല. ജാപ്പനീസ് ശാസ്ത്രജ്ഞർ നിർമ്മിച്ച ഏതോ ജൈവായുധമായിരുന്നു ഒറാംഗ് മെഡാനിൽ എന്ന് വിശ്വസിക്കുന്നവരുണ്ട്. അക്കാലത്ത് ജാപ്പനീസ് ഗവേഷകർ അപകടകരമായ പല പരീക്ഷണങ്ങളും യുദ്ധ തടവുകാരിൽ ഉൾപ്പെടെ പരീക്ഷിച്ചിരുന്നതായും ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ മാരക രാസ, ജൈവ ആയുധങ്ങൾ നിർമ്മിച്ചിരുന്നതായും പറയപ്പെടുന്നു. രാസ / ജൈവായുധങ്ങൾ ഒരു പക്ഷേ, ഒറാംഗ് മെഡാനിൽ ജപ്പാനിൽ നിന്ന് രഹസ്യമായി കടത്തിയതാകാമെന്നും യാത്രാ മദ്ധ്യേ അത് ചോർന്ന് എല്ലാവരും മരിച്ചതാകാമെന്നും പൊട്ടിത്തെറി ഇതിന്റെ അനന്തര ഫലമാകാമെന്നും പ്രചാരണമുണ്ട്. ഒറാംഗ് മെഡാന്റെ കഥ സത്യമാണോ എന്നതിന് വ്യക്തമായ ഒരുത്തരം ലഭ്യമല്ല.