
ഇടുക്കി: അടിമാലിയിൽ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത് കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ട ബിജുവിന്റെ മകൻ ക്യാൻസർ ബാധിച്ച് ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു. വീടിനുള്ളിൽ കുടുങ്ങിയ ദമ്പതിമാരിൽ ആറുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. ബിജുവിന്റെ മകൾ കോട്ടയത്ത് ബിഎസ്‌സി നഴ്‌സിംഗ് മൂന്നാംവർഷ വിദ്യാർത്ഥിനിയാണ്.
ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞവർഷമാണ് ബിജുവിന്റെ പത്താം ക്ലാസുകാരനായ മകന് ക്യാൻസർ സ്ഥിരീകരിച്ചത്. ചികിത്സ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റ് വരുമാന മാർഗങ്ങളൊന്നും കുടുംബത്തിനില്ല. ബിജുവിനും കുടുംബത്തിനും 15 സെന്റ് സ്ഥലമുണ്ടായിരുന്നു. പത്ത് വർഷത്തോളമായി കൂമ്പൻപാറയിൽ വീടുവച്ച് താമസിക്കുകയായിരുന്നു.
ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25ഓളം കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു. ഇതിൽ ബിജുവും ഭാര്യയുമുണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വേണ്ടിയാണ് ഇവർ വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. അപകടത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാത്രി 10.30 കഴിഞ്ഞാണ് അടിമാലി കൂമ്പൻപാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് എട്ട് വീടുകൾ പൂർണമായും തകർന്നു.