protest

ഹൈദരാബാദ്: ബീഫ് വിളമ്പിയെന്നാരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ മലയാളി ഹോട്ടൽ പൂട്ടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റാണ് പൂട്ടിച്ചത്. സംഭവത്തിൽ കേസെടുത്തതിൽ പ്രതിഷേധിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ബീഫ് വിളമ്പിയെന്ന കാരണത്താൽ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ആദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകൾ. ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തായിരുന്നു സംഭവം. റസ്റ്റോറന്റിൽ നിരവധി പേരുണ്ടായിരുന്നപ്പോഴാണ് ബജ്റംഗ് ദൾ പ്രവർത്തകർ എത്തിയത്. ബീഫ് വിളമ്പുന്നതിനാൽ അടച്ചുപൂട്ടണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു.

ബീഫ് വിളമ്പിയാൽ റസ്റ്റോറന്റ് അടച്ചുപൂട്ടിക്കുമെന്ന് നേരത്തെ വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിമുഴക്കിയിരുന്നു എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അതേസമയം, ഭക്ഷണം കഴിക്കാനെത്തിയവരെയാേ ജീവനക്കാരെയോ പ്രതിഷേധക്കാർ ആക്രമിച്ചോ എന്നത് വ്യക്തമല്ല.