naveen-babu

പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടിവി പ്രശാന്തൻ എന്നിവര്‍ക്കെതിരെയാണ് നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇവർ 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ്‌ കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും.

കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകിട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ പിപി ദിവ്യ എത്തിയിരുന്നു. ചടങ്ങിനിടയിൽ പിപി ദിവ്യ നവീൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.