ramesh-pisharody

കൊല്ലം സുധിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് തുഠന്നുപറഞ്ഞ് നടൻ രമേഷ് പിഷാരടി. കൊല്ലം സുധി മരിച്ച ദിവസം മറ്റൊരു സുഹൃത്തിന് ജന്മദിനാശംസ നേർന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതുമായി ബന്ധപ്പെട്ട് നേരിട്ട വിമർശനങ്ങളെക്കുറിച്ചാണ് നടൻ തുറന്നുപറഞ്ഞത്.

‌ഞാൻ ദുബായിലായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചു. നാട്ടിലേതുമായി ഒന്നരമണിക്കൂറോളം ദുബായിൽ സമയവ്യത്യാസമുണ്ട്. ഞാൻ ആശംസ നേർന്ന് പോസ്റ്റ് പങ്കുവച്ചതിനുശേഷം കിടന്നുറങ്ങി. നാല് മണിയായപ്പോൾ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോൻ ചേട്ടൻ വിളിക്കുന്നു. ഇങ്ങനെ അപകടമുണ്ടായി, മഹേഷ് കുഞ്ഞുമോന് പരിക്കുണ്ട്, കൊല്ലം സുധി മരണപ്പെട്ടു എന്നറിയിച്ചു. സുധിയുടെ ബോഡി എറണാകുളത്ത് പൊതുദർശനത്തിന് വയ്ക്കണോ എന്നൊരു ചർച്ച വന്നു.

'കല്യാണം നടത്തുന്ന ഓഡിറ്റോറിയങ്ങൾ പൊതുദർശനത്തിനായി കിട്ടില്ല. ഞാൻ ദുബായിൽ ഇരുന്ന് എംഎൽഎ, എംപി എന്നിവരെയൊക്കെ വിളിക്കുകയാണ്. ഓഡിറ്റോറിയം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. എന്നാൽ പിന്നീട് ബോഡി ഇവിടെ വയ്ക്കേണ്ട എന്ന തീരുമാനത്തിലെത്തി.

ഇതൊക്കെ കഴിഞ്ഞ് ഞാൻ വെറുതെ ഫേസ്‌ബുക്ക് എടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടൽ പോലെ ചീത്തവിളി വരുന്നു. തുടർന്ന് ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു'- രമേഷ് പിഷാരടി പങ്കുവച്ചു. 2023ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.