
ന്യൂഡൽഹി: മെട്രോ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി യുവാവ് ഗർഭനിരോധന ഉറയുടെ വലിയൊരു പെട്ടി കണ്ടെത്തിയ സംഭവമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷൻ ഗേറ്റിന് പിന്നിലായി ഒളിപ്പിച്ച നിലയിലാണ് യുവാവ് കോണ്ടത്തിന്റെ പെട്ടി കണ്ടത്. ഡൽഹി മെട്രോയിൽ ദിവസേന ഫോണുകളും ലാപ്ടോപ്പുകളും നഷ്ടപ്പെടുന്നതും, യാത്രയ്ക്കിടെ ആളുകൾ ഉറങ്ങിപ്പോകുന്നതുമെല്ലാം സാധാരണ കാഴ്ചകളാണ്. എന്നാൽ, ഇത്രയും വലിയൊരു കോണ്ടം പെട്ടി കണ്ടെത്തുന്നത് അപൂർവ്വമായ അനുഭവമാണെന്ന് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.
യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ച ചിത്രത്തിൽ ബോക്സിനൊപ്പം നിരവധി കോണ്ടം പാക്കറ്റുകളും കാണാം. ഈ ബോക്സിലെ മൂന്ന് പാക്കറ്റുകൾ മാത്രമാണ് തുറന്ന നിലയിൽ ഉണ്ടായിരുന്നതെന്ന് യുവാവ് പറയുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് യുവാവിന്റെ പോസ്റ്റ് വൈറലായത്. പൊതുജനാരോഗ്യ കാമ്പയിനിന്റെ ഭാഗമായി മുൻപ് ഡൽഹി മെട്രോ കോണ്ടം വിതരണം ചെയ്യാൻ തീരുമാനിച്ച സംഭവങ്ങളെക്കുറിച്ച് പലരും ഓർത്തെടുത്തു. മറ്റ് ചിലരാകട്ടെ, ഇത് കണ്ട യാത്രക്കാർ എന്താകും വിചാരിച്ചിട്ടുണ്ടാവുകയെന്ന് ചോദിച്ച് തമാശകൾ പങ്കുവച്ചു.
'ബസ്‌സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഇവ ലഭ്യമാക്കുന്നുണ്ടെന്ന് ഞാൻ നേരത്തെ കേട്ടിരുന്നു,' ഒരാൾ കമന്റു ചെയ്തു.'ഗർഭനിരോധന മാർഗങ്ങളെക്കുറിച്ചുള്ള ക്ലാസുകളിൽ മാത്രമേ ഞാൻ നിരോധ് കോണ്ടംസിനെക്കുറിച്ച് പഠിച്ചിട്ടുള്ളൂ. ആളുകൾ ഇത് ഉപയോഗിക്കാറുണ്ടോ? ആരോഗ്യവകുപ്പിന്റെ മികച്ച സംരംഭമാണിത്,' ഒരു മെഡിക്കൽ വിദ്യാർത്ഥി സംശയം പ്രകടിപ്പിച്ചു. 'ആദ്യം ഞാൻ കരുതിയത് ഇത് കളിപ്പാട്ടമോ പടക്കങ്ങളോ ആണെന്നാണ്. കമന്റ് വായിച്ചപ്പോഴാണ് കോണ്ടമാണെന്ന് മനസിലായത്,' മറ്റൊരാൾ കുറിച്ചു.
'ഇതൊക്കെ ഗ്രാമപ്രദേശങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്ന സർക്കാർ ഉൽപ്പന്നങ്ങളല്ലേ. പറ്റുമെങ്കിൽ ഇത് സർക്കാർ ആശുപത്രിയിലേക്ക് തിരികെ നൽകുക,' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.'സൗജന്യമായി വിതരണം ചെയ്യാൻ മാറ്റിവച്ച കോണ്ടംസുകൾ വഴിതിരിച്ചുവിട്ടതാണെന്ന് തോന്നുന്നു. സർക്കാർ സംവിധാനങ്ങളിൽ ഇതൊരു പതിവ് കാഴ്ചയാണല്ലോ,' തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് പലരും രേഖപ്പെടുത്തിയത്.
ഗർഭനിരോധന ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒന്നായ എച്ച്.എൽ.എൽ ലൈഫ്കെയർ 2014-ൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായി (ഡിഎംആർസി) ചേർന്ന് വിവിധ മെട്രോ സ്റ്റേഷനുകളിൽ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിരുന്നു. നിരോധ് കോണ്ടംസുകൾക്കൊപ്പം ഗർഭനിരോധന ഗുളികകളും സാനിറ്ററി നാപ്കിനുകളും ഈ മെഷീനുകൾ വഴി ലഭ്യമാക്കാൻ ലക്ഷ്യമിട്ടിരുന്നു.