
മുംബയ്: വിരാട് കൊഹ്‌ലിയുടെയും രോഹിത് ശർമയുടെയും ടീമിലെ നിലനിൽപ്പിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് നടത്തിയ നിരീക്ഷണം ചർച്ചയാകുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ബാറ്റിംഗ് അതികായകർക്ക്, തുടക്കത്തിൽ സംഭവിച്ച പോലെ തന്നെ, ടീമിലെ സ്ഥാനം ഉറപ്പിക്കാൻ റൺസുകൾ മാത്രമേ തുണയാകൂ എന്നാണ് കൈഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പര അവസാനിപ്പിച്ചതിന് പിന്നാലെ രോഹിത് ശർമ 'മാൻ ഓഫ് ദി മാച്ച്', 'മാൻ ഓഫ് ദി സീരീസ്' പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. നായകസ്ഥാനമൊഴിഞ്ഞ ശേഷം ബാറ്റർ എന്ന നിലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച രോഹിത്, 101 ശരാശരിയിൽ 202 റൺസെടുത്ത് പരമ്പരയിലെ ടോപ് സ്കോററായി തിളങ്ങുകയായിരുന്നു. പരമ്പരയ്ക്ക് ശേഷം താരങ്ങൾ വിരമിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇരുവരും ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ച് വിമർശകരുടെ വായടപ്പിച്ചത്.
മത്സരം കഴിഞ്ഞ ശേഷമുള്ള സംഭവങ്ങളും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. സമ്മാനങ്ങൾ വാങ്ങിയ ശേഷം രോഹിത് ശർമ്മ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനരികിലൂടെ നടന്നുപോയെന്നും കൊഹ്ലി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും കൈഫ് പറയുന്നു. ഈ സാഹചര്യം വിലയിരുത്തിയ കൈഫ്, രോഹിതും വിരാടും ഒരു സത്യം തിരിച്ചറിഞ്ഞതായും വ്യക്തമാക്കി.
'മത്സരത്തിന് ശേഷം വിരാട് കൊഹ്ലി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് ട്രോഫികൾ വാങ്ങിയ ശേഷം രോഹിത് ശർമ്മ ഗൗതം ഗംഭീറിനരികിലൂടെ ഒരു പുഞ്ചിരി കൈമാറാൻ സാദ്ധ്യയുണ്ടായിരുന്നിട്ടും രോഹിത് നടന്നുപോയി. ഇപ്പോൾ ഒരു കാര്യം വ്യക്തമാണ്, തങ്ങളുടെ ബഹുമാനം സ്വന്തം കൈകളിലാണെന്ന് അവർ തിരിച്ചറിഞ്ഞു. 'ഞാൻ റൺസ് നേടിയാൽ, എനിക്ക് കളിക്കാം', കൈഫ് പറഞ്ഞു.
'പുതിയൊരു താരമായി ടീമിൽ തിരിച്ചെത്തുമ്പോൾ ആരും പിന്തുണയ്ക്കാനില്ലെന്നും ടീമിൽ തുടരണമെങ്കിൽ പ്രകടനം കാഴ്ചവയ്ക്കണമെന്നും അവർക്കറിയാം. കരിയറിന്റെ അവസാനത്തോടടുക്കുമ്പോൾ അതേ സമീപനമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. 'ഇവിടെ സുഹൃത്തുക്കളാരുമില്ല, രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നതെന്ന ചിന്താഗതിയിലാണവർ. ഫോം മോശമാകുമ്പോൾ അവരെ പുറത്താക്കാൻ ആളുകൾ കാത്തിരിക്കുന്നതിനാൽ ഇതൊരു ടീം ഗെയിമല്ല," കൈഫ് കൂട്ടിച്ചേർത്തു.
പരമ്പര നേരത്തെ 2-0 എന്ന നിലയിൽ ഓസ്ട്രേലിയ ഉറപ്പിച്ചതോടെ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിലെ ആദ്യ ഏകദിന പരമ്പര നിരാശയോടെ അവസാനിക്കുമെന്ന ഘട്ടത്തിൽ, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സിന് മുന്നിൽ വിരാടും രോഹിത്തും രക്ഷകരായി ഇന്ത്യൻ ടീമിന് ആശ്വാസ വിജയം സമ്മാനിച്ചു. ഓസ്‌ട്രേലിയയെ 236 റൺസിന് ഒതുക്കിയ ശേഷം, ക്യാപ്ടൻ ഗിൽ 26 പന്തിൽ 24 റൺസെടുത്ത് പുറത്തായെങ്കിലും, വിരാടും രോഹിത്തും ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് സിഡ്നിയിൽ കാഴ്ചവച്ചത്. ഇരുവരും ചേർന്ന് 168 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി വിജയലക്ഷ്യം മറികടക്കുകയും ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് വിജയം സമ്മാനിക്കുകയും ചെയ്തു. രോഹിത് 125 പന്തിൽ 121 റൺസെടുത്തും, വിരാട് 81 പന്തിൽ 74 റൺസെടുത്തും പുറത്താകാതെ നിന്ന് വിമർശകരെ നിശബ്ദരാക്കുകയായിരുന്നു.