തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള നൂറ്റിപ്പതിനേഴരപ്പവന്റെ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിന് ഇന്ന് തലസ്ഥാനനഗരിയിൽ വരവേൽപ്പ് നൽകും. സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വർണക്കപ്പ് സമ്മാനിക്കുന്നത്. നാളെ നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിജയികൾക്ക് കപ്പ് കൈമാറും.

കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. കാഹളം മുഴക്കുന്ന സംഗീത ഉപകരണമായ കൊമ്പും ദീപശിഖയും ചേർന്നതാണ് കപ്പ്. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിലുള്ള 14 വളയങ്ങൾ, 14 ആനകൾ, ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന 14 കായിക ഇനങ്ങൾ എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്. മലബാർ ഗോൾഡാണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്. 22 കാരറ്റ് ബി.ഐ.എസ് 916 ഹാൾമാർക്ക് ചെയ്ത സ്വർണത്തിലാണ് നിർമ്മാണം. 4.37 കിലോഗ്രാമാണ് തടിയിലെ പീഠം ഉൾപ്പെടെ ഭാരം.അഖിലേഷ് അശോകനാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

സ്വർണക്കപ്പിനെ വരവേൽക്കുന്നതിനുള്ള ഘോഷയാത്ര വൈകിട്ട് 3ന് കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കും. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനത്തിന് അകമ്പടിയായി 500 ബൈക്കുകൾ അണിചേരും. ഓവർബ്രിഡ്ജ്,തമ്പാനൂർ,പൂജപ്പുര,ജഗതി,
ഡി.ജി.ഇ. ഓഫീസ് വഴി വൈകിട്ട് 4ന് പാളയത്തെത്തുന്ന യാത്ര, യൂണിവേഴ്‌സിറ്റി കോളേജ്,സെക്രട്ടേറിയറ്റ് വഴി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും. പാളയത്ത് നിന്ന് 500 സ്‌കൂൾ കുട്ടികൾ കൂടി ഘോഷയാത്രയുടെ ഭാഗമാകും. സെൻട്രൽ സ്റ്റേഡിയത്തിൽ കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും ഔദ്യോഗികമായി കൈമാറും. തുടർന്ന് ട്രഷറിയിൽ സൂക്ഷിക്കും.