
നവി മുംബയ്: വനിതാ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 120 റണ്‍സ് വിജയലക്ഷ്യം. മഴ കാരണം 27 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടി. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനലില്‍ പ്രവേശിക്കുകയും ബംഗ്ലാദേശ് പുറത്താകുകയും ചെയ്തതിനാല്‍ മത്സരഫലം പ്രസക്തമല്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ഓപ്പണര്‍മാരായ സുമയ്യ അക്തര്‍ 2(6), റുബ്യാ ഹൈദര്‍ 13(32) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ഷര്‍മിന്‍ അക്തര്‍ 36(53) ആണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 9(24), ശോഭന മൊസ്താറി 26(21) റണ്‍സ് വീതം നേടി. ഷൊര്‍ണ അക്തര്‍ 2(3), നാഹിദ അക്തര്‍ 3(5), റബേയ ഖാന്‍ 3(5), റിതു മൊണി 11(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി.
മാറൂഫ അക്തര്‍ 2*(1), നിഷിത അക്തര്‍ 4*(5) എന്നിവര്‍ പുറത്താകാതെ നിന്നു ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രാധ യാദവ് ആണ് ബൗളിംഗില്‍ തിളങ്ങിയത്. ശ്രീ ചരണിക്ക് രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ രേണുക സിംഗ് ഠാക്കൂര്‍, ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, വിശാഖപട്ടണത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 38.2 ഓവറില്‍ 168 റണ്‍സ് നേടി എല്ലാവരും പുറത്തായപ്പോള്‍ 29.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലീഷ് വനിതകള്‍ വിജയലക്ഷ്യം മറികടന്നു. 92 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറും ഓപ്പണറുമായ ആമി ജോണ്‍സ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും.