
ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നര കോടിയോളം രൂപ മോഷ്ടിച്ച പ്രതികളെ പിടികൂടി. നാടുവിടാന്‍ ശ്രമിച്ച പ്രതികളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ബയോമെട്രിക് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. ബര്‍ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്.
6,60,000 ദിര്‍ഹം ആണ് പ്രതികള്‍ തട്ടിയെടുത്തത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിന്‍വാതില്‍ തകര്‍ത്ത ശേഷമാണ് പ്രതികള്‍ അകത്തേക്ക് പ്രവേശിച്ചത്. തൊട്ടടുത്ത ദിവസം രാവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. ഇതിനുപിന്നാലെ ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടനടി നടപടികള്‍ ആരംഭിച്ച പൊലീസ് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ മുഖം മൂടി ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവരുടെ മുഖംമൂടിയില്ലാത്ത ചിത്രം പുനാവിഷ്‌കരിക്കുകയായിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതും വിമാനത്താവളത്തില്‍വച്ച് പിടികൂടുന്നതും. വിമാനത്തില്‍ കയറുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിച്ച പണം ഇവരില്‍നിന്ന് കണ്ടെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു.