
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ 21 വയസുളള മറുനാടൻ താരം പങ്കെടുത്തെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ ഉച്ചയോടെയാണ് കായിക വേദിയിൽ നിന്ന് ഇത്തരമൊരു പരാതി ഉയർന്നത്. ഒരു പ്രമുഖ ചാനലാണ് പരാതിയുമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന മറുനാടൻ താരങ്ങൾക്ക് 10,000 മുതൽ 30,000 രൂപ വരെ അധികൃതർ നൽകുമെന്ന ഒരു കായിക താരത്തിന്റെ ശബ്ദസന്ദേശവും ചാനലിന് ലഭിച്ചിട്ടുണ്ട്.
'പ്രായം തിരുത്തിയ ആധാർ കാർഡുകൾ ഏജന്റുമാർ തയ്യാറാക്കി നൽകും. സബ് ജില്ലാ മത്സരങ്ങൾക്ക് തൊട്ടുമുൻപ് സ്കൂളുകളിൽ പ്രവേശനം നൽകുകയും ചെയ്യും. സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ പരിശീലകന്‍ പറഞ്ഞു. മെഡല്‍ ഒന്നിന് 30,000 രൂപ വരെ കിട്ടുമെന്നും സ്കൂളില്‍ ചേരാന്‍ രേഖകള്‍ ശരിയാക്കാനും പറഞ്ഞു. എന്നാൽ ഞാൻ ഇതിന് തയ്യാറായില്ല'- കായിക താരം വെളിപ്പെടുത്തി.
21 വയസുള്ള മറുനാടൻ താരത്തെ അണ്ടര്‍ 19 വിഭാഗത്തിൽ മത്സരിപ്പിച്ചെന്നാണ് ഇന്നലെ പരാതി ഉയർന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിന്റെ താരത്തിനെതിരെയാണ് പരാതി. അത്‌ലറ്റിക് ഫെഡറേഷൻ രേഖകളിലും താരത്തിന്റെ പ്രായം കൂടുതലെന്ന് തെളിഞ്ഞു. ഇതോടെ മത്സരഫലം തടഞ്ഞുവയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ മത്സരാർത്ഥിക്ക് 21 വയസും അഞ്ച് മാസവുമാണെന്നാണ് അത്‌ലറ്റിക് ഫെഡറേഷൻ രേഖകളിലുളളത്. എന്നാൽ മത്സരാർത്ഥി 19വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്. ഇതോടെ സീനിയർ പെൺകുട്ടികളുടെ നൂറിലും 200ലും രണ്ടാം സ്ഥാനം നേടിയ താരത്തിനെതിരെ മറ്റ് സ്കൂളുകളും പരാതിയുമായെത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുമാസങ്ങൾക്ക് മുൻപാണ് കുട്ടി സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂൾ അധികൃതർ സമർപ്പിച്ച വിവരമനുസരിച്ച് 18കാരി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അണ്ടർ 19 വിഭാഗത്തിൽ മത്സരിക്കാൻ കുട്ടിക്ക് യോഗ്യതയുണ്ടെന്നും ആധാർ രേഖയുണ്ടെന്നുമാണ് സ്‌കൂളിന്റെ വിശദീകരണം. പരാതി വിശദമായി പരിശോധിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഇടപെട്ടു.