v-abdurahiman

തൃശൂർ: ലയണൽ മെസിയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ പ്രകോപിതനായി കായികമന്ത്രി വി അബ്ദുറഹിമാൻ. അർജന്റീന ഫുട്‌ബോൾ ടീമിനെ കൊച്ചിയിലെത്തിക്കുന്നു എന്ന പ്രചാരണത്തിലൂടെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഹൈബി ഈ‌ഡൻ എംപി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തൃശൂർ എരുമപ്പെട്ടിയിൽ സ്‌കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി.

ഹൈബി ഈ‌ഡന്റെ ആരോപണങ്ങളിൽ പ്രതികരണം ചോദിക്കവേ അബ്ദുറഹിമാൻ ചാനൽ മൈക്കുകൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു. പിന്നാലെ സ്‌കൂളിലേയ്ക്ക് കയറിപ്പോയി. അബ്ദുറഹിമാനോടൊപ്പമുണ്ടായിരുന്ന മുൻ മന്ത്രി എ സി മൊയ്‌തീനും മാദ്ധ്യമങ്ങളെ തടഞ്ഞു. ചാനൽ മൈക്കുകൾ പിടിച്ചുതാഴ്‌ത്തിയ അദ്ദേഹം വൃത്തികേട് കാണിക്കരുതെന്നും പറഞ്ഞു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സംഘം മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു.

'കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഇവിടെ നിന്ന് ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്‌സ് പോലും കൊച്ചി വിട്ട് പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുകയാണ്. ഹോംഗ്രൗണ്ട് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്ന വാടകയായിരുന്നു ജിഡിസിഎയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോൾ സ്റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിർമാണ പ്രവൃത്തികൾ നടത്തിവരുന്ന കമ്പനികൾക്കുള്ള യോഗ്യതയും വ്യക്തമാക്കണം. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങൾ സാധാരണ മുറിച്ചുമാറ്റുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ജിഡിസിഎയും സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ എവിടെയാണ്. ആരുടെ മേൽനോട്ടത്തിലാണ് കരാർ നടപടികൾ നടപ്പാക്കുന്നതെന്നും വ്യക്തമാക്കണം.'- എന്നായിരുന്നു ഹൈബി പറഞ്ഞത്.