health

സ്‌ട്രോക്ക് എന്നാല്‍ മസ്തിഷ്‌കത്തിലേക്ക് രക്തപ്രവാഹം തടസപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹിതമാകുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. എങ്ങനെ രക്തപ്രവാഹത്തിൽ തടസം സംഭവിക്കുന്നു എന്നതനുസരിച്ച് സ്‌ട്രോക്ക് രണ്ടു തരത്തില്‍ വരാം. രക്തക്കുഴല്‍ പൊട്ടി തലയോട്ടിക്കുള്ളില്‍ അല്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് രക്തസ്രാവം വരുന്ന ഹെമെറേജിക്ക് സ്‌ട്രോക്ക്. രണ്ടാമത്, രക്തകുഴല്‍ ബ്ലോക്ക് ആയി വരുന്ന ഇഷ്‌ക്കീമിക് സ്‌ട്രോക്ക്.

ഇത്തരത്തില്‍ ബ്ലോക്ക് വരുന്ന രക്തക്കുഴല്‍ വിതരണം ചെയ്യുന്ന ഭാഗത്തെ കോശങ്ങള്‍, ഓരോ സെക്കന്റിലും ആയിരകണക്കിന് എന്ന നിലയില്‍ നശിച്ചു കൊണ്ടിരിക്കുന്നു. സമയം പോകുന്തോറും ഇത് സ്ഥിരമായ നാശത്തിലേക്ക് പോകുന്നു. ഇങ്ങനെ വരുമ്പോള്‍ ഈ കോശങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തി സ്ഥിരമായി നഷ്ടപ്പെടുന്ന അവസ്ഥ വരുന്നു. ഉദാഹരണത്തിന് സംസാരം നിയന്ത്രിക്കുന്ന ഭാഗത്തെ കോശങ്ങള്‍ ആണ് നശിക്കുന്നത് എങ്കില്‍ സംസാരശേഷി നഷ്ടപ്പെടുന്ന അവസ്ഥ വരുന്നു. കൈകാലുകളുടെ ചലനം നിയന്ത്രിക്കുന്ന കോശങ്ങള്‍ ആണ് നശിക്കുന്നത് എങ്കില്‍ ഈ ശേഷി നഷ്ടപ്പെട്ട് കിടപ്പാവുന്നു. കൃത്യസമയത്ത് കൃത്യ ചികിത്സ നല്‍കിയാല്‍ ഈ അവസ്ഥ വരുന്നത് ഒഴിവാക്കുവാനോ നല്ലരീതിയില്‍ നിയന്ത്രിക്കുവാനോ സാധിക്കും.


രക്തകുഴലിന് തടസം വന്ന് ഉണ്ടാകുന്ന ഇഷ്‌ക്കീമിക് സ്‌ട്രോക്കിനുള്ള പ്രധാന ചികിത്സ ഈ ബ്ലോക്ക് മാറ്റി രക്തയോട്ടം പുനഃസ്ഥാപിച്ച് കോശങ്ങളുടെ സ്ഥിരമായ നാശം തടയുക എന്നതാണ്. ഇത് രണ്ട് രീതിയില്‍ ചെയ്യാം. ഒന്ന് ഐ വി ത്രാബൊലൈസിസ്, രണ്ട് മെക്കാനിക്കല്‍ ത്രോംബക്ടമി. ഐ വി ത്രാബൊലൈസിസ് എന്ന ചികിത്സയില്‍ ബ്ലോക്ക് അലിയിക്കാനുള്ള മരുന്ന് കൈയ്യിലെ രക്തക്കുഴല്‍ വഴി ഇന്‍ജെക്ഷന്‍ ആയി നല്‍കുന്നു. ഈ ചികിത്സ നല്‍കുന്നത് പ്രധാനമായും ചെറിയ രക്തകുഴലിന് വരുന്ന ബ്ലോക്കിനാണ്.


ബ്ലോക്ക് വരുന്നത് താരതമ്യേന വലിയ രക്തകുഴലിനാണ് എങ്കില്‍ ഇത്തരത്തില്‍ മരുന്ന് ഇന്‍ജക്ഷന്‍ കൊണ്ടു മാത്രം മതിയാവില്ല. ഇതിന് രക്തകുഴല്‍ വഴിയുള്ള മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന കീഹോള്‍ ചികിത്സ ആവശ്യം ആണ്. മെക്കാനിക്കല്‍ ത്രോംബക്ടമി ചികിത്സയില്‍ കാലിലെയോ കയ്യിലെയോ രക്തകുഴല്‍ വഴി ചെറിയ ട്യൂബുകളും മറ്റ് ഉപകരണങ്ങളും ബ്ലോക്ക് ഉള്ള ഭാഗത്തേക്ക് സ്ഥാപിച്ച് ബ്ലോക്ക് വലിച്ച് എടുത്ത് കളയുന്നു. ഇത് താരതമ്യേന സങ്കീര്‍ണമായതും ചിലവേറിയതുമായ ചികിത്സയാണ്.


ഈ ചികിത്സകളിലൂടെ നല്ല രീതിയിലുള്ള ഫലപ്രാപ്തി ലഭിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്, കാരണം ഓരോ സെക്കന്റിലും ആയിരകണക്കിന് കോശങ്ങള്‍ നശിക്കുന്നു. ഇതിന്റെ വേഗം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. കോശങ്ങളുടെ ഘടന, രക്തകുഴലുകളുടെ ഘടന, രോഗിക്കുള്ള പ്രമേഹം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, രോഗിയുടെ പ്രായം എന്നിവയെല്ലാം കോശങ്ങള്‍ നശിക്കുന്ന വേഗത്തെ സ്വാധീനിക്കുന്നു.


പൊതുവെ, ലക്ഷണങ്ങള്‍ കണ്ട് ആറ് മണിക്കൂറിനുള്ളില്‍ ചികിത്സയിലൂടെ രക്തപ്രവാഹം പുനസ്ഥാപിക്കാന്‍ സാധിച്ചാല്‍ നല്ല ഗുണം കിട്ടുന്നു. സ്‌കാന്‍ വഴി കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കി, ചില ഘട്ടങ്ങളില്‍ 24 മണിക്കൂര്‍ വരെ ഈ ചികിത്സകള്‍ നടത്താം. കോശങ്ങള്‍ നശിച്ചശേഷം, രക്തയോട്ടം വൈകി പുനസ്ഥാപിച്ചാല്‍, തലയില്‍ രക്തസ്രാവം വരാനും ഗുണത്തേക്കാള്‍ ദോഷം ഉണ്ടാക്കുന്ന സാഹചര്യവും ഉണ്ടാകാം. ചുരുക്കി പറഞ്ഞാല്‍ സ്‌ട്രോക്ക് ചികിത്സയിലെ രണ്ടു പ്രധാന ഘടകങ്ങള്‍ ഒന്ന് സ്‌ട്രോക്ക് ആന്നെന്ന് തിരിച്ചറിയുക എന്നതും രണ്ടാമത് എത്രയും പെട്ടെന്ന് കൃത്യമായ ചികിത്സ നല്‍കുക എന്നതുമാണ്.


സ്‌ട്രോക്ക് ആണെന്ന് എങ്ങനെ തിരിച്ചറിയാം?

ഇതിനായി സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാര്‍ ആകണം. ഇതിന് ഒരു സൂത്രവാക്യം ഉപയോഗിക്കാം.

B - (Balance) ബാലന്‍സ്
E - (Eye) കണ്ണുകളുടെ ചലനത്തിലോ കാഴ്ചയീലോ തകരാര്‍
F - (Face) മുഖം കോടുക
A - (Arms) കൈകാലുകളുടെ ബലക്ഷയം
S - (Speech) സംസാരശേഷി നഷ്ട്ടപ്പെടുന്ന അവസ്ഥ
T - (Time) ഉടന്‍ ചികിത്സ തേടുക

ഇത്തരം ലക്ഷണങ്ങള്‍ പെട്ടെന്ന് സംഭവിക്കുകയാണെങ്കില്‍ രോഗിക്ക് സ്‌ട്രോക്ക് ആവാനുള്ള സാദ്ധ്യത വളര കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ചെയ്യേണ്ടത്, സ്‌ട്രോക്ക് ചികിത്സക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രിയിലേക്ക് രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ്. ഇത്തരം കേന്ദ്രങ്ങളെ comprehensive stroke center അതായത് സമഗ്ര സ്‌ട്രോക്ക് ചികിത്സാ കേന്ദ്രങ്ങള്‍ എന്നോ Stroke ready hospital എന്നോ പറയുന്നു.

ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, രോഗനിര്‍ണ്ണയത്തിന് വേണ്ട C.T, M.R.I സ്‌കാനിംഗ് സംവിധാനങ്ങള്‍, 24 മണിക്കൂറും Neurology, Neuro surgery, Interventional Radiology തുടങ്ങിയ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ലഭ്യത, I.V Thrombolysis, മെക്കാനിക്കല്‍ ത്രോംബക്ടമി തുടങ്ങിയ ചികിത്സ നടത്താനുള്ള സജ്ജീകരണങ്ങള്‍, സ്‌ട്രോക്ക് ചികിത്സക്കുളള I.C.U സംവിധാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.


ഇത്തരം ക്രേന്ദങ്ങള്‍ സമീപത്ത് ഇല്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി പ്രാഥമിക ചികിത്സ നല്‍കി സ്‌ട്രോക്ക് ചികിത്സാ കേന്ദ്രത്തിലേക്ക് രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുക. കൃത്യമായ ചികിത്സ സമയത്ത് നല്‍കിയാല്‍ സ്‌ട്രോക്ക് മൂലം വരുന്ന വൈകല്യങ്ങള്‍ നല്ല രീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

Dr. Praveen A
DNB (Radiodiagnosis) DM (Neuroimaging & Interventional Neuroradiology)
Senior Consultant - Neuroradiology & Interventional Radiology
SUT Hospital, Pattom