binoy-viswam

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച അനുനയത്തിലെത്തിയില്ല. ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച നടന്നത്. അനുനയനീക്കം പാളിയതോടെ ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐയുടെ തീരുമാനം. സിപിഐ മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചുറാണി എന്നിവർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല.

മുക്കാൽ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിലെ കൂടിക്കാഴ്‌ച നീണ്ടത്. ഇതിനുശേഷം മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയെ കണ്ടു. ശേഷം ഗസ്റ്റ് ഹൗസിൽ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി.

'മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു നേതൃത്വമുണ്ട്. ആവശ്യമായ ആലോചനകൾക്ക് ശേഷം എല്ലാം അറിയിക്കും'- ചർച്ചയ്ക്ക് ശേഷം ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് പറഞ്ഞു.