messi

കൊച്ചി: ലയണല്‍ മെസിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കൊച്ചിയില്‍ നവംബര്‍ 17ന് കളിക്കാനെത്തില്ലെന്ന് ഉറപ്പായി. എന്നാല്‍ അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍. മാര്‍ച്ചില്‍ അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് സ്‌പോണ്‍സര്‍ പറയുന്നത്.

മാര്‍ച്ചിലെ ഫിഫ വിന്‍ഡോയില്‍ കൊച്ചിയില്‍ സൗഹൃദ മത്സരം നടത്താനുള്ള ശ്രമം തുടരും. അത് നടന്നില്ലെങ്കില്‍ മെസിയെ മാത്രം കേരളത്തില്‍ എത്തിക്കാനുള്ള ശ്രമം നടത്തും. കലൂര്‍ സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ല, സ്റ്റേഡിയത്തിന്റെ അവകാശം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ നവംബര്‍ 30ന് സ്റ്റേഡിയം തിരികെ ഏല്‍പ്പിക്കുമെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി.

'കൊച്ചി സ്റ്റേഡിയത്തിന് ഫിഫ അനുമതി ഇല്ലെന്ന കാര്യം എനിക്കോ സര്‍ക്കാരിനോ അറിയില്ലായിരുന്നു. ഫിഫയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കിടെയാണ് ഇക്കാര്യം മനസിലായത്. തുടര്‍ന്നാണ് സ്റ്റേഡിയം 'ഫിഫ അപ്രൂവല്‍' കിട്ടുന്ന തരത്തില്‍ നടപ്പിലാക്കാമോ എന്നു ചോദിച്ചതു കൊണ്ടാണ് ഏറ്റെടുത്തത്.

ഇതില്‍ മറ്റൊരു അജന്‍ഡയില്ല. നഷ്ടം വന്നാല്‍ സഹിച്ചോളാം. ആരുടേയും പണം വാങ്ങിയിട്ടില്ല. ചെയ്യുന്ന ജോലികളില്‍ അപാകതയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. മാര്‍ച്ചില്‍ മത്സരം നടക്കുമെന്നാണ് കരുതുന്നത്. അപ്പോള്‍ സര്‍ക്കാരിനോട് സ്റ്റേഡിയം ചോദിക്കും. സൗകര്യമുണ്ടെങ്കില്‍ തന്നാല്‍ മതി. 70 കോടി രൂപ മുടക്കുന്നത് സേവനമായാണ് കാണുന്നത്.'- സ്‌പോണ്‍സര്‍ പറഞ്ഞു.