
പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത് തെളിവായി ലഭിച്ച 150ലേറെ ഡി.എൻ.എ സാമ്പിളുകളും ഫിംഗർ പ്രിന്റുകളും സുരക്ഷാ ക്യാമറാ ദൃശ്യങ്ങളുമെന്ന് വെളിപ്പെടുത്തൽ. 100ലേറെ ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിലായത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. മോഷ്ടിക്കപ്പെട്ട ആഭരണങ്ങളെ പറ്റി സൂചന ലഭിച്ചോ എന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം വിവരങ്ങൾ അറിയിക്കുമെന്ന് പാരീസ് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കഴിഞ്ഞ 19ന് പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് 8.8 കോടി യൂറോയുടെ എട്ട് രാജകീയ ആഭരണങ്ങളുമായി നാല് മോഷ്ടാക്കൾ കടന്നത്.