montha-cyclone

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌‌നാട് സംസ്ഥാനങ്ങളിൽ കനത്ത മഴയും, ശക്തമായ കാറ്റും ശക്തിയേറിയ തിരമാലകളുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. 100–110 കിലോമീറ്റർ വേഗതയിൽ തീവ്ര ചുഴലിക്കാറ്റായി മോൻത കരതൊടുമെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ച രാത്രി വൈകി വരെ നെല്ലൂരിനും ശ്രീകാകുളത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത് 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തീരദേശ മേഖലകളിൽ മഴ ഇതിനകംതന്നെ തുടങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രവർത്തനം ആരംഭിച്ചു. മോൻത ചുഴലിക്കാറ്റ് മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ ശക്തി പ്രാപിക്കുന്നതായാണ് ദുരന്ത നിവാരണ വകുപ്പ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഭക്ഷണം, മെഡിക്കൽ ടീമുകൾ എന്നിവ സജ്ജമാക്കിയതായി അധികൃതർ പറയുന്നു.

ഒഡീഷയിൽ, ഗഞ്ചം, കോരാപുട്ട്, റായഗഡ എന്നിവയുൾപ്പെടെ എട്ട് ജില്ലകളിലായി എൻ‌ഡി‌ആർ‌എഫ്, ഒ‌ഡി‌ആർ‌എഫ്, ഫയർ സർവീസസ് എന്നിവയിലെ 5,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒഡീഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ മേഖലകളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നത് ആരംഭിച്ചു. ഇതുവരെ 5000ൽ അധികം പേരെയാണ് മാറ്റിപ്പാ‌ർപ്പിച്ചത്.

മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ നൂറോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രാ ഈസ്റ്റ് കോസ്റ്റ് റെയിൽവേ 43 ട്രെയിനുകൾ റദ്ദാക്കി. സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ ഒക്ടോബർ 27, 28, 29 തീയതികളിൽ 54 സർവീസുകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചു.