
ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാൽതൊട്ട് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് മാപ്പ് ചോദിച്ചതായി റിപ്പോർട്ട്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലിൽ എത്തിച്ചശേഷം അവരെ കാണുമ്പോഴായിരുന്നു വിജയ് മാപ്പപേക്ഷിച്ചത്. കരൂരിൽ വീടുകളിലെത്തി ദുരന്തബാധിതരുടെ കുടുംബങ്ങളെ സന്ദർശിക്കാത്തതിലും വിജയ് വിശദീകരണം നൽകി.
ദുരന്തംനടന്ന് ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളുടെ കുടുംബത്തെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. ദുരന്തബാധിതരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്‌ചയിൽ അറിയിച്ചു. മാമല്ലപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ കണ്ടത്.
നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് കൂടിക്കാഴ്ചയ്ക്കുള്ളവരെ എത്തിച്ചത്. 200ലേറെപ്പേർ എത്തിയെന്നാണ് വിവരം. വിജയ് ഇവർക്ക് ഭക്ഷണം നൽകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറരവരെ വിജയ് ഇവർക്കൊപ്പം ചെലവഴിച്ചു.
അതേസമയം, ദുരന്തബാധിതരെ ഹോട്ടലിൽ എത്തിച്ച് കണ്ടതിൽ വിജയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ കടുത്ത് അതൃപ്തി ഉയരുന്നുണ്ട്. ദുരന്തബാധിതരെ നേരിൽ കാണാതെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർത്ഥ നേതാവിന് ചേർന്ന പ്രവർത്തിയല്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് മറ്റ് പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുമോയെന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ടന്നാണ് റിപ്പോർട്ട്.