
ന്യൂഡൽഹി: ഡൽഹി പട്പർഗഞ്ചിലെ ബിജെപി എംഎൽഎ രവീന്ദർ സിംഗ് നേഗി റീൽസ് ചിത്രീകരണത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണു. യമുനാ നദി വൃത്തിയായി സൂക്ഷിക്കണമെന്ന ബോധവത്കരണത്തിനായി റീൽസ് എടുക്കുന്നതിനിടെയാണ് നേഗി നദിയിൽ വീണത്. ഛത് പൂജ ആഘോഷങ്ങൾക്കിടയിൽ നദിയുടെ ശുചീകരണത്തെച്ചൊല്ലി രാഷ്ടീയ സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് സംഭവം.
' പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ഇവർക്ക് ഒരു തൊഴിലായി മാറിയിരിക്കുകയാണ്. നുണകളുടെയും പൊങ്ങച്ചത്തിന്റെയും രാഷ്ട്രീയത്തിൽ മടുത്തിട്ടാകാം, യമുനാനദി അവരെ അരികിലേക്ക് വിളിച്ചത്' എന്ന് വീഡിയോ പങ്കുവച്ച് ആം ആദ്മി പാർട്ടി എംഎൽഎ സഞ്ജീവ് ഝാ പറഞ്ഞു. 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നേഗി രണ്ട് കുപ്പികളുമായി നദിയുടെ തീരത്ത് നിൽക്കുന്നതായി കാണാം. മുട്ടുകുത്തി നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നേഗി ബാലൻസ് തെറ്റി ചെളിയിൽ പുതഞ്ഞ് വെള്ളത്തിലേക്ക് വഴുതി വീഴുന്നത്. സമീപത്തുള്ള ഒരാൾ സഹായിക്കാൻ ഓടിയെത്തിയെങ്കിലും വീഴ്ച തടയാൻ കഴിഞ്ഞില്ല. നനഞ്ഞുകുതിർന്ന നേഗി പിന്നീട് നദിയിൽ നിന്ന് കയറിവരുന്നതും വീഡിയോയിലുണ്ട്.
ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് മേധാവി സൗരഭ് ഭരദ്വാജ് മുഖ്യമന്ത്രി രേഖ ഗുപ്തയെ നദി വൃത്തിയാക്കി എന്ന അവകാശവാദം തെളിയിക്കാൻ അതിലെ വെള്ളം കുടിക്കാൻ മുമ്പ് വെല്ലുവിളിച്ചിരുന്നു.