uae

അബുദാബി: ഡിസംബർ 31ന് മുൻപായി എമിറാറ്റിസേഷൻ (സ്വദേശിവത്‌കരണം) ന‌ടപ്പിലാക്കണമെന്നും ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്നും സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2026 ജനുവരി ഒന്നിന് പിഴ നൽകേണ്ടി വരുമെന്നാണ് മിനിസ്‌ട്രി ഒഫ് ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറാറ്റിസേഷൻ അറിയിച്ചിരിക്കുന്നത്.

അൻപതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളെയാണ് എമിറാറ്റിസേഷൻ ബാധിക്കുന്നത്. ഇക്കൊല്ലം അവസാനിക്കുന്നതിന് മുൻപായി ഇത്തരം കമ്പനികളിൽ രാജ്യത്തെ പൗരന്മാരുടെ എണ്ണം രണ്ട് ശതമാനം വർദ്ധിപ്പിക്കണമെന്നാണ് നിർദേശം. 20 മുതൽ 49 വരെ തൊഴിലാളികളുള്ള തിരഞ്ഞെടുക്കപ്പെട്ട ചില കമ്പനികളും സ്വദേശിവത്കരണ പട്ടികയിൽ ഉൾപ്പെടും. വേഗത്തിൽ വളർച്ച കൈവരിക്കുന്ന സാമ്പത്തിക മേഖലയിലുള്ള കമ്പനികളെയാണ് ഇങ്ങനെ തിരഞ്ഞെടുക്കുന്നത്. 2026 ജനുവരി ഒന്നിന് മുൻപ് ഒരു പൗരനെയെങ്കിലും ഈ കമ്പനികളിൽ നിയമിച്ചിരിക്കണം.

നി‌ർദേശം പാലിക്കാത്ത കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് ക്ലാസിഫിക്കേഷൻ സിസ്റ്റത്തിൽ ഇത്തരം കമ്പനികളെ തരംതാഴ്ത്തുകയും അവരുടെ സ്റ്റാറ്റസ് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. തൊഴിലന്വേഷകരായ പൗരന്മാരെ കണ്ടെത്തുന്നതിനായി നഫീസ് പ്ളാന്റ്‌ഫോമുമായി ബന്ധപ്പെടാനും മന്ത്രാലയം നിർദേശം നൽകുന്നു. നിബന്ധനകൾ പാലിക്കുന്ന കമ്പനികൾക്ക് നഫീസ് പ്രോഗ്രാമും അതിന്റെ വിപുലമായ ആനുകൂല്യങ്ങളും മുതൽ എമിറാറ്റിസേഷൻ പാർട്ണേഴ്‌സ് ക്ലബ് വരെയുള്ള വിവിധ രൂപത്തിലുള്ള പിന്തുണ ലഭിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.