sonika

ന്യൂഡൽഹി: ഏഴ് മാസം ഗർഭിണിയായിരിക്കെ വെയിറ്റ് ലിഫ്റ്റ് മത്സരത്തിൽ പങ്കെടുത്ത പൊലീസ് കോൺസ്റ്റബിളിന് വെങ്കലം. ആന്ധ്രാപ്രദേശിൽ നടന്ന അഖിലേന്ത്യാ പൊലീസ് വെയ്റ്റ്‌ലിഫ്റ്റിംഗ് ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സോനികയാണ് 145 കിലോഗ്രാം ഉയർത്തി വെങ്കലം നേടിയത്. സോനിക ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആർക്കും അത് വിശ്വസിക്കാനായില്ല. മത്സരം പൂർത്തിയാക്കിയപ്പോൾ കാഴ്ചക്കാരും സഹമത്സരാർത്ഥികളും കൈയടിച്ച് സോനികയെ അഭിനന്ദിക്കുകയായിരുന്നു. അച്ചടക്കവും ധൈര്യവും എല്ലാ പരിമിതികളെയും മറികടക്കുമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സോനികയുടേത്.

ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സോനിക പരിശീലനം നിർത്തുമെന്ന് ഭർത്താവ് കരുതിയെങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശീലനം തുടരുകയായിരുന്നു. ഗർഭധാരണം തന്റെ ലക്ഷ്യങ്ങളെ തടസപ്പെടുത്തരുതെന്ന് സോനിക നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ചാമ്പ്യൻഷിപ്പിൽ സ്ക്വാട്ടിൽ 125 കിലോയും, ബെഞ്ച് പ്രസിൽ 80 കിലോയും, ഡെഡ്‌ലിഫ്റ്റിൽ 145 കിലോയുമാണ് സോനിക ഉയർത്തിയത്.

ഗർഭകാലത്ത് വെയിറ്റ് ലിഫ്റ്റ് നടത്തിയ ലൂസി മാർട്ടിൻസിലാണ് തനിക്ക് പ്രചോദനം നൽകിയതെന്ന് സോനിക വെളിപ്പെടുത്തി. സുരക്ഷിതമായ പരിശീലനത്തിനായി ഉപദേശം തേടാൻ അവർ ഇൻസ്റ്റഗ്രാം വഴി ലൂസിയെ ബന്ധപ്പെടുകയും ചെയ്തിരുന്നു. "പരിമിതികളെ വെല്ലുവിളിക്കുന്നു, കരുത്തിനെ പുനർനിർവചിക്കുന്നു" എന്ന കുറിപ്പോടെ ഡൽഹി പൊലീസാണ് സോനികയുടെ ശ്രദ്ധേയമായ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മത്സരം അവസാനിച്ച ശേഷമാണ് സോനിക ഗർഭിണിയാണെന്ന് എല്ലാവരും അറിഞ്ഞത്. ഇതോടെ കാണികൾ കയ്യടിച്ച് അഭിനന്ദിക്കുയായിരുന്നു. നിലവിൽ കമ്മ്യൂണിറ്റി പൊലീസിംഗ് സെല്ലിലാണ് സോനിക സേവനം അനുഷ്ഠിക്കുന്നത്. മജ്നു കാ ടിലയിലെ ബീറ്റ് ഓഫീസറായിരുന്ന സമയത്ത് മയക്കുമരുന്ന് വിരുദ്ധ പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. വെയിറ്റ് ലിഫ്റ്റിംഗിലേക്ക് തിരിയുന്നതിന് മുമ്പ് കബഡി താരമായിരുന്നു സോനിക . 2023-ലെ ഡൽഹി സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് സോനിക ശ്രദ്ധേയയായത്.