
ജയ്പൂർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 12 പേർ ആശുപത്രിയിലാണ്. നസീം (50), സഹിനം (20)എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ മനോഹർപൂരിലാണ് സംഭവം. തോഡി ഗ്രാമത്തിലെ ഇഷ്ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോയതാണ് ബസ്. അമ്പതിലധികം പേർ ബസിലുണ്ടായിരുന്നു. ഇതിനിടെ 11,000 വോൾട്ട് ഹൈടെൻഷൻ ലൈനിൽ തട്ടുകയും വൈദ്യുതിപ്രവാഹമേറ്റ് ബസിന് തീപിടിക്കുകയുമായിരുന്നു. വലിയ പൊട്ടിത്തെറിയോടെയാണ് ബസ് കത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബസ് പൂർണമായും കത്തിനശിച്ചു. ദീപാവലി ആഘോഷത്തിനുശേഷം ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് സ്വകാര്യ ബസ് ബുക്ക് ചെയ്ത് തൊഴിലിടത്തേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വസ്ത്രവും ഭക്ഷണ സാധനങ്ങളും ഉൾപ്പെടെ ബസിനുമുകളിലാണ് വച്ചിരുന്നത്. ലൈനിൽ തട്ടി ലഗേജുകൾക്ക് തീപിടിച്ചു. രണ്ട് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിശമന യൂണിറ്റുകളുമെത്തി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. സമീപത്ത് നിറുത്തിയിട്ടിരുന്ന ഒരു ബൈക്കും കത്തിനശിച്ചു. വൈദ്യുതി വകുപ്പിനോട് വിശദീകരണം തേടുമെന്നും 20ലേറെ പേരെ രക്ഷിക്കാനായെന്നും പൊലീസ് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി.
രണ്ടാഴ്ച മുമ്പും
15ന് രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചതിനെത്തുടർന്ന് 20 യാത്രക്കാർ മരിച്ചിരുന്നു.
ജയ്സാൽമീർ- ജോധ്പൂർ ഹൈവേയിൽ വച്ച് പെട്ടെന്ന് ബസിൽ നിന്ന് പുക ഉയരുകയായിരുന്നു. ബസ് നിറുത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ബസ് ആളിക്കത്തുകയായിരുന്നു.