
പൂജാചടങ്ങിൽ സാന്നിദ്ധ്യമായി രാജ് നിധി മോർ
തെന്നിന്ത്യൻ താരം സാമന്ത നായികയും നിർമ്മാതാവുമായി എത്തുന്ന മാ ഇൻടി ബാംഗാരം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ട്രാലാല മൂവിംഗ് പിക്ചേഴ്സിന്റെ ബാനറിൽ സാമന്ത നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. സാമന്തയുടെ കഴിഞ്ഞ ജന്മദിനത്തിലാണ് മാ ഇൻടി ബാംഗാരം എന്നചിത്രത്തിനെകുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മോഷൻ പോസ്റ്ററും പുറത്തിറങ്ങി . ക്രൂര ഭാവത്തിൽ തോക്കുമായി നിൽക്കുന്ന സാമന്ത ആയിരുന്നു പോസ്റ്ററിൽ. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സാമന്തയുടെ കരിയറിലെ പതിനൊന്നാമത്തെ തെലുങ്ക് ചിത്രം ആണ്.
ജബർദസ്ത്, ഓ ബോബി എന്നീ ചിത്രങ്ങളിൽ നന്ദിനി റെഡ്ഡിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനുശേഷം സാമന്ത തെലുങ്കിൽ എത്തുകയാണ്. ശുഭം എന്ന ചിത്രം ആണ് സാമന്ത ആദ്യമായി നിർമ്മിച്ചത്. ഹർഷിത് റെഡ്ഡി നായകനായ ചിത്രത്തിൽ അതിഥി താരമായി സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം തെലുങ്ക് സംവിധായകൻ രാജ് നിധിമോർ മാ ഇൻടി ബാംഗാരത്തിന്റെ പൂജാ ചടങ്ങിൽ സജീവ സാന്നിദ്ധ്യം അറിയിച്ചു. ഇതോടെ സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുകയാണ്.
യു.എസിലെ ഡെട്രോയിറ്റിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സാമന്ത മാസങ്ങൾക്ക് മുൻപ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇരുവരും പരസ്പരം കൈകോർത്ത് റോഡ് മുറിച്ചു കടക്കുന്ന ചിത്രം ആണ് പങ്കു വച്ചിരുന്നത്. സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ രാജ് നിധിമോറിന്റെ മുൻ ഭാര്യ ശ്യാമിലി ഡെ പങ്കുവച്ച സ്റ്റോറികളും ചർച്ചയായി.അതേസമയം പ്രണയത്തിലാണെന്ന വാർത്തകളിൽ ഇതുവരെ സാമന്തയും രാജും പ്രതികരിച്ചിട്ടില്ല. 2021ൽ ആണ് സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു.