arrest

ചിറ്റൂർ: പാലക്കാട് ചിറ്റൂർ കമ്പാലത്തറയിലെ തെങ്ങിൻതോപ്പിൽ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും പ്രതി. സി.പി.എം പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിറ്റൂർ മീനാക്ഷിപുരത്ത് 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെ വീട്ടിൽ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. കണ്ണയ്യൻ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസും പ്രദേശവാസി ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് കണ്ണയ്യൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസിനെ പ്രതിപ്പട്ടികയിൽ ചേർത്തത്. ഹരിദാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.