oil

ന്യൂഡൽഹി: റഷ്യയിൽ നിന്നും പുതുതായി എണ്ണ വാങ്ങാതെ ഇന്ത്യൻ എണ്ണക്കമ്പനികൾ. അമേരിക്ക ഇന്ത്യയ്‌ക്കുമേൽ കടുത്ത ഉപരോധം നടപ്പാക്കിയതോടെയാണ് കേന്ദ്ര സർക്കാരിന്റെയും വിതരണക്കാരുടെയും പക്കൽ നിന്ന് വ്യക്തത വരാനായി കമ്പനികൾ എണ്ണ വാങ്ങുന്നത് നിർത്തിയത്. എണ്ണ വാങ്ങുന്നതിലെ അനിശ്ചിതത്വം ചില കമ്പനികളെ മുൻപ് നിശ്ചയിക്കാത്ത പെട്ടെന്നുള്ള എണ്ണ വാങ്ങൽ ആയ സ്‌പോട്ട് ബയിംഗിലേക്ക് തള്ളിവിട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. സർക്കാർ‌ ഉടമസ്ഥതയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പുതിയ ടെൻഡർ പുറത്തിറക്കി.


ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണകമ്പനിയായ റിലയൻസ് സ്‌പോട്ട് ബയിംഗിലേക്ക് കടന്നു. റഷ്യയിലെ വലിയ എണ്ണ കമ്പനികളായ ലുക് ഓയിൽ, റോസ് നെഫ്‌‌ടി എന്നിവയ്‌ക്ക് ട്രംപ് ഭരണം ഉപരോധം ഏർപ്പെടുത്തിയത് കഴിഞ്ഞയാഴ്‌ചയാണ്. യുക്രെയിനുമായുള്ള യുദ്ധത്തെ തുടർന്ന് ഈ കമ്പനികൾ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിൽ നിന്നും ഉപരോധ ഭീഷണിയും നേരിടുന്നുണ്ട്. ഇതോടെ ഇന്ധന വിതരണ മാർഗങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും ഇന്ത്യൻ കമ്പനികൾ പുനർവിചിന്തനം നടത്തുകയാണ്.

'ധാരാളം ചരക്കുനീക്കങ്ങൾ റദ്ദാക്കി. പ്രത്യേകിച്ച് ഉപരോധം നേരിടുന്ന കമ്പനികളുമായി ബന്ധമുള്ള വ്യാപാരികളിൽ നിന്ന്. ' ക്രൂ‌‌ഡ് സംഭരണവുമായി ബന്ധമുള്ള ഉന്നതനായ ഒരുദ്യോഗസ്ഥൻ സൂചിപ്പിക്കുന്നു. ഉപരോധം കാരണം കരിമ്പട്ടികയിലായ കമ്പനികളുടെ പണമിടപാട് ബാങ്കുകൾ പ്രോസസ് ചെയ്യാത്തതുകൊണ്ട് പണമിടപാട് മുടങ്ങാൻ ആരും ആഗ്രഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സർക്കാരിൽ നിന്നും വിതരണക്കാരിൽ നിന്നും കൂടുതൽ വ്യക്തത വന്നശേഷം മാത്രം എണ്ണ വാങ്ങുന്നതാണ് തീരുമാനമെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും അറിയിച്ചു.