
മീന്‍ വിഭവങ്ങളില്ലാതെ ഊണ് കഴിക്കുന്നതിനെക്കുറിച്ച് ശരാശരി മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. നമ്മുടെ ഭക്ഷണ സംസ്‌കാരവുമായി അത്രകണ്ട് പ്രാധാന്യം മീനിനും മീന്‍ വിഭവങ്ങള്‍ക്കും ഉണ്ട്. വില കൂടിയാലും കുറഞ്ഞാലും മീന്‍ വിഭവങ്ങള്‍ മിക്കവാറും സമയവും നമ്മള്‍ ഒഴിവാക്കാറില്ല. ഇനി പോഷകഗുണങ്ങളിലേക്ക് വന്നാല്‍ കൊഴുപ്പ് കുറഞ്ഞവയും പ്രോട്ടീനും വിറ്റാമിനും ധാതുക്കളും കൂടുതലായും അടങ്ങിയവയാണ് മീനുകള്‍. മേല്‍പ്പറഞ്ഞ പോഷകങ്ങളുടെ കലവറയാണ് മത്സ്യങ്ങള്‍.
എന്നാല്‍ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലേത് പോലെ തന്നെ ചില അപകടങ്ങള്‍ മീനുകളിലും ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ കടലില്‍ നിന്ന് പിടികൂടി വില്‍പ്പനയ്ക്ക് എത്തിക്കുന്നവയാണ് ഭൂരിഭാഗം മീനുകളും എന്നാല്‍ ചിലപ്പോഴെങ്കിലും ട്രോളിംഗ് നിരോധനം ഉള്‍പ്പെടെയുള്ള കാലത്ത് ഫ്രഷ് മീന്‍ കിട്ടാക്കനിയാണ്. അപ്പോഴെല്ലാം പഴകിയതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവയുമാണ് മലയാളികളുടെ തീന്‍മേശയില്‍ എത്തുന്നത്. ഇത്തരത്തിലെത്തുന്നവയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി മത്സ്യം എത്താറുണ്ട്. ഇങ്ങനെ കൊണ്ടുവരുന്നവയില്‍ പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും രാസവസ്തുക്കള്‍ ചേര്‍ത്ത് കേടുവരാതെ സൂക്ഷിച്ചവയും ധാരാളമായി ഉള്‍പ്പെട്ടിട്ടുണ്ടാകാം. ഇവ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുമുണ്ട് എന്ന് പല തവണ കണ്ടെത്തിയിട്ടുണ്ട്. വയറിളക്കം, ഛര്‍ദ്ദി ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരം മീനുകള്‍ കഴിക്കുന്നത് വഴി മനുഷ്യനെ ബാധിക്കുക.
കേരളത്തില്‍ മത്സ്യത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കൂടുതലായി മീനുകള്‍ എത്തിത്തുടങ്ങിയത്. ആവശ്യം വര്‍ദ്ധിച്ചതിലെ കച്ചവട സാദ്ധ്യതയും അമിതലാഭവും മുന്നില്‍ക്കണ്ടാണ് പലപ്പോഴും രാസവസ്തുക്കള്‍ പ്രയോഗിച്ചവ കേരളത്തിലേക്ക് എത്തുന്നത്. ലോറികളില്‍ മാത്രമാണ് ഒരുകാലത്ത് മീനുകള്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് ട്രെയിനില്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് മീന്‍ എത്തുന്നുണ്ട്.