water

മുട്ടം: ജലജീവൻ മിഷൻ കുടിവെളള പദ്ധതിയുടെ ഭാഗമായി മുട്ടം പഞ്ചായത്ത് പ്രദേശത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് ആരോപിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ പരാതി.

മുട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ റീജിയണൽ സ്റ്റഡീസ് എന്ന സന്നദ്ധ സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. മീനച്ചിൽ കുടിവെളള പദ്ധതിക്ക് വേണ്ടി പൈപ്പുകൾ സ്ഥാപിക്കുന്നതിന് മുട്ടം പഞ്ചായത്ത് പ്രദേശത്തെ വിവിധ വാർഡുകളിലെ റോഡ് കുത്തിപ്പൊളിച്ചിട്ട് രണ്ട് വർഷങ്ങൾ ആകാറായിട്ടും റോഡ് പുനസ്ഥാപിക്കുന്നതിനും പണികൾ വേഗത്തിലാക്കുന്നതിനും ജലജീവൻ മിഷൻ അധികൃതർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകിയ പരാതിയിൽ പറയുന്നു.


മുട്ടം കോടതിക്കവലയിലെ റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർ പണികൾ പൂർണ്ണമായും സ്തംഭിച്ചു. ഏതാനും ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തിയെങ്കിലും റോഡിലാകമാനം വലിയ കിടങ്ങുകൾ രൂപപ്പെട്ട് ദുരന്ത ഭീതിയിലാണ്. രണ്ടാഴ്ച്ചയായിട്ട് ഇവിടെ ഒരു പണിയും നടക്കുന്നില്ല. പണികൾക്ക് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളും വാഹനങ്ങളും റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് വാഹനാപകടങ്ങളും ഇവിടെ തുടർ സംഭവങ്ങളാണ്. ഇന്നലെയും ഇവിടെ പെട്ടി ഓട്ടോ റിക്ഷ കിടങ്ങിൽ അകപ്പെട്ടു. . മീനച്ചിൽ കുടി വെള്ള പദ്ധതിക്ക് വേണ്ടി തോട്ടുങ്കര ചള്ളാവയൽ റോഡ് കുത്തിപ്പൊളിച്ചതും നന്നാക്കാൻ ജലജീവൻ മിഷൻ അധികൃതർ താല്പര്യപെടുന്നില്ല എന്നും പരാതിയിൽ പറയുന്നു.