കോട്ടക്കൽ: ആറുവരിപ്പാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവത്തിൽ ജില്ലാ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം സ്‌പെഷൽ ഡ്രൈവ് പരിശോധന നടത്തി. പാതയിൽ അപകടമേഖലയായി മാറിയ ചേളാരി, ചെട്ടിയാർമാട്, കക്കാട് എടരിക്കോട് മമ്മാലിപ്പടി ,പുത്തനത്താണി,കുറ്റിപ്പുറം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ. ഈ ഭാഗങ്ങളിൽ അപകട മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമാക്കാനുള്ള റിപ്പോർട്ട് കൈമാറി. നിലവിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആറുവരിപാതയിൽ യാത്രക്കാരെ കയറ്റിയിറക്കുന്ന
പത്തോളം സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. ബസ് കയറാൻ കാൽനടയാത്രക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ആളുകൾ കൂട്ടമായി നിൽക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും. പൊതുജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ പാടില്ലെന്നതിന്റെ ബോധവത്ക്കരണവും നടത്തി. നിയമ ലംഘനങ്ങൾ നടത്തിയ നൂറോളം വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. കുറ്റിപ്പുറം മുതൽ രാമനാട്ടുകരെയുള്ള ഭാഗങ്ങളിൽ നോ പാർക്കിങ്ങ് സോൺ, അനുവദനീയമല്ലാത്ത വാഹനങ്ങൾ പാതയിലേക്ക് കടക്കാതിരിക്കാനുള്ള നടപടികൾ, മറ്റു സുരക്ഷ അടക്കമുള്ള പുതിയ നിർദ്ദേശങ്ങൾ ജില്ല കളക്ടർ ചെയർമാനായുള്ള ജില്ല റോഡ് സേഫ്റ്റി കൗൺസിലിന് കൈമാറി. വരും ദിവസം വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് യോഗം ചേരും. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടി.പി യൂസഫിന്റെ നിർദ്ദേശപ്രകാരം ആറു സ്‌ക്വാഡുകളായി 40 ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.