മലപ്പുറം: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഈ മാസം 21ന് പൂർത്തിയാവുമെന്നതിനാൽ അണിയറയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. പകുതി സീറ്റിൽ വനിത സംവരണമാണ്. ശേഷിക്കുന്ന സീറ്റുകളിലെ ചിത്രം വ്യക്തമാവുന്നതോടെ ആരുടെയെല്ലാം സ്ഥാനാർത്ഥി മോഹം പുലരുമെന്നത് കൂടിയറിയാം. തുടർച്ചയായി രണ്ടുതവണ സംവരണ വാർഡുകളായി തുടർന്നവയെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും. അതേസമയം ആകെ സംവരണ സീറ്റുകളുടെ എണ്ണമായില്ലെങ്കിൽ ഈ വാർഡുകളെയും ഉൾപ്പെടുത്തിയാവും നറുക്കെടുപ്പ് നടത്തുക.

ഈ മാസം 13 മുതൽ 16 വരെയാണ് ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് 18ന് നടക്കും. നഗരസഭ 16നും ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പ് 21നും നടക്കും. വാർഡുകളുടെ പുനഃക്രമീകണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായതിനാൽ ഏതെല്ലാം വാർഡുകൾ സംവരണത്തിൽ ഉൾപ്പെടുമെന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തതയില്ല. ഡിസംബറിനകം പുതിയ ഭരണസമിതികൾ ചുമതലയേൽക്കുമെന്നതിനാൽ സംവരണ നറുക്കെടുപ്പ് പൂർത്തിയാവും മുറയ്ക്ക് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കും. പ്രധാന നേതാക്കൾ മത്സരിക്കുന്ന വാർഡുകൾ സംവരണത്തിലേക്ക് വഴിമാറുന്നതോടെ ഇവരെ മറ്റൊരിടത്ത് ഉൾപ്പെടുത്തേണ്ടി വരുന്നതാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള തലവേദന. മൂന്ന് ടേം വ്യവസ്ഥ ഇത്തവണ കർശനമായി പാലിക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം.

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തമ്മിലുള്ള മത്സരമാണ് ജില്ലയിൽ പ്രധാനമായും നടക്കാറുള്ളത്. കരുത്തുകാട്ടാൻ എൻ.ഡി.എ മുന്നണിയും മറ്റ് പാർട്ടികളും രംഗത്തിറങ്ങുന്നതോടെ അങ്കത്തട്ടിൽ പോരാട്ട ആവേശം പ്രകടമാവും. യു.ഡി.എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് രൂപപ്പെട്ട സാമ്പാർ മുന്നണി ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും പ്രകടമാവാനുള്ള സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ കോൺഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഇരുപാർട്ടികളുടെയും നേതൃത്വങ്ങൾ.

ആശ്വാസത്തിൽ യു.ഡി.എഫ്

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോൺഗ്രസിനും ലീഗിനും ഇടയിൽ ശക്തമായ ഭിന്നതയില്ലെന്നതാണ് ഇരുനേതൃത്വങ്ങളുടെ ആശ്വാസം. 50 വീടുകൾ ഉൾപ്പെടുത്തി ഒരുമൈക്രോ ലെവൽ കമ്മിറ്റി രൂപീകരിച്ച് മുസ്‌ലിം ലീഗ് ഇതിനകം തന്നെ മുന്നൊരുക്കങ്ങളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. വാർഡ് തലത്തിലെ പ്രചാരണത്തിന് പ്രധാന നേതാക്കളെ ഉൾപ്പെടുത്തി അഞ്ചംഗ സമിതിയെ തിരഞ്ഞെടുത്ത് ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. ഓരോ വാർഡിലെയും രാഷ്ട്രീയ സാഹചര്യം പഠിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിന് ചുക്കാൻ പിടിക്കുക ഈ കമ്മിറ്റിയാവും.
വാർഡ് തല യോഗങ്ങൾ പൂർത്തിയാക്കി ഗൃഹസമ്പർക്ക പരിപാടികളിലാണ് കോൺഗ്രസ്. യു.ഡി.എഫ് ഭരിക്കുന്ന ഇടങ്ങളിലെ വികസന രേഖ തയ്യാറാക്കായിട്ടുണ്ട്. പ്രതിപക്ഷത്തുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലാണ് കോൺഗ്രസ്

തന്ത്രങ്ങളൊരുക്കി എൽ.ഡി.എഫ്

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിനുള്ള മുുന്നൊരുക്കങ്ങൾ സി.പി.എമ്മും എൽ.ഡി.എഫും പൂർത്തിയാക്കിയിട്ടുണ്ട്. എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനങ്ങൾ ചലിപ്പിക്കുക എന്ന പതിവ് രീതിക്കുള്ള മുന്നൊരുക്കളിലാണ് സി.പി.എം. വാർഡ്, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ വാർഡുകളിലെയും രാഷ്ട്രീയ സാഹചര്യം സൂക്ഷമമായി വിലയിരുത്തും. സോഷ്യൽ മീഡിയ പ്രചാരണം ലക്ഷ്യമിട്ട് ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകന് പ്രത്യേക പരിശീലനവും നൽകും. സി.പി.ഐയുടെ വാർഡ് കൺവെൻഷനുകൾ ഈ മാസം 15 മുതൽ നടക്കും. ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള മണ്ഡലംതല ശിൽപശാലകൾ പുരോഗമിക്കുന്നുണ്ട്.