കാളികാവ്: വനപാലകർക്ക് കെണിയായി എഴുപതേക്കിലെ കടുവാ ഭീഷണി . കഴിഞ്ഞ മേയ് മാസത്തിൽ റാവുത്തൻ കാട്ടിൽ തൊഴിലാളിയെ കടുവ കൊന്നത് വലിയ പ്രക്ഷോഭങ്ങൾക്കു കാരണമായി.

അതിനു ശേഷം മലയോരം ശാന്തമാകുന്നതിനിടെയാണ് അടക്കാക്കുണ്ട് എഴുപതേക്കറിൽ വീണ്ടും കടുവയിറങ്ങി തൊഴുത്തിൽ കെട്ടിയ പശുവിനെ കൊന്നു തിന്നത്.

തൊഴിലാളിയെ കൊന്ന കടുവ അമ്പത്തി നാലാം ദിവസം കൂട്ടിലായി.എന്നാൽ എഴുപതേക്കറിലെ കടുവ കൂടിന് അടുത്തൊന്നും എത്തി നോക്കിയിട്ടില്ല. ഇതേ മേഖലയിൽ പലയിടങ്ങളിലായി കടുവയെ നാട്ടുകാർ കാണുന്നുമുണ്ട്. ഇതാണ് വനപാലകർക്ക് കെണിയാകുന്നത്.

എഴുപതേക്കറിൽ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ട് ഒന്നര മാസത്തോളമായി.കൂട്ടിൽ ഇരയായി കെട്ടിയിട്ട ആടിന് ദിവസവും രണ്ടു നേരം വെള്ളവും തീറ്റയും എത്തിച്ചു കൊടുക്കണം.ഇതിനായി ദിവസവും വനപാലകർ മലകയറണം .അതിനിടെ നാട്ടുകാരുടെ പ്രതിഷേധവും നേരിടണം.എഴുപതേക്കറിൽ കടുവക്കു വേണ്ടി സ്ഥാപിച്ച കൂട് ശരിയായ സ്ഥലത്തല്ല എന്ന ആക്ഷേപവുമുണ്ട് നാട്ടുകാർക്ക്.

ഇപ്പോൾ കൂട് വച്ച സ്ഥലം കുത്തനെയുള്ള ഒരു പാറയുടെ ചുവട്ടിലാണ്.ഈ ഭാഗത്ത് കൂടി കടുവക്ക് സഞ്ചരിക്കാനാവില്ല.

അതിനും പുറമെ പശുവിനെ കൊന്ന സംഭവത്തിനു ശേഷം തൊഴുത്തിനു സമീപം രണ്ടു പ്രാവശ്യം കടുവ വന്നിരുന്നു.അന്ന് കൂട് സ്ഥാപിച്ചിരുന്നുമില്ല.കടുവയ്ക്കു വേണ്ടി കൂട്ടിൽ കെട്ടിയിട്ട ആട്ടിൻ കുട്ടി ചാവാറായ അവസ്ഥയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു