മലപ്പുറം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതോടെ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള പാലക്കാട്ടേക്ക് മാറ്റിയത് മത്സരാർത്ഥികൾക്ക് ദുരിതമാവും. 17, 18, 19 തീയതികളിൽ പട്ടാമ്പിക്ക് സമീപമുള്ള ചാത്തന്നൂർ ഗവ.എച്ച്.എസ്.എസിലെ സിന്തറ്റിക് ട്രാക്കിൽ വച്ച് നടത്താനാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തിരൂർ സബ് ജില്ലാ കായികമേള ചാത്തന്നൂർ ജി.എച്ച്.എസ്.എസിലെ സിന്തറ്റിക് ട്രാക്കിൽ വച്ചാണ് നടത്തിയത്. കായികമേളയ്ക്ക് വേദിയാകാറുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് പൊട്ടിപൊളിഞ്ഞതിനെ തുടർന്ന് യൂണിവേഴ്സിറ്റി കായികവിഭാഗം മേള നടത്താനുള്ള അനുമതി നിഷേധിച്ചു. ജില്ലയിലെ പല മൈതാനങ്ങളും പരിഗണിച്ചെങ്കിലും വേണ്ടത്ര സൗകര്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് മേള ചാത്തന്നൂരിലേക്ക് മാറ്റാൻ ധാരണയായത്.
മറ്റ് മീറ്റുകളൊന്നും ഇത്തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാക്കിൽ നടന്നിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന സീനിയർ, ജൂനിയർ തുടങ്ങി നിരവധി സംസ്ഥാന അത്‌ലറ്റിക് മീറ്റുകൾക്ക് യൂണിവേഴ്സിറ്റിയെ സിന്തറ്റിക് ട്രാക്ക് വേദിയായിരുന്നു. ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതിനാലാണ് ഈ മീറ്റുകളെല്ലാം ഇപ്രാവശ്യം മറ്റ് സ്ഥലങ്ങളിൽ നടത്തേണ്ടി വന്നത്. പൊളിഞ്ഞ ട്രാക്ക് നവീകരിക്കുന്നതിന് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
കായികാദ്ധ്യാപകർ നിസഹകരണത്തിലായതിനാൽ പല ഉപജില്ലകളിലും കായികമേള താളം തെറ്റിയ നിലയിലാണ് നടക്കുന്നത്. ഇതിനിടെയാണ് റവന്യൂ ജില്ലാ കായിക മേള ജില്ലയ്ക്ക് പുറത്ത് നടക്കുന്നത്. കായികോത്സവത്തിന്റെ സ്വാഗത സംഘം ഇന്ന് രാവിലെ 10ന് മലപ്പുറം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും