കൊച്ചി: സംസ്ഥാന പൊലീസ് വകുപ്പിന്റെയും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) കേരള ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാനസിക സമ്മർദ്ദ നിയന്ത്രണ ബോധവത്കരണ പരിപാടിയായ “പ്രേരണ"യുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖർ നിർവഹിച്ചു. മറൈൻഡ്രൈവിലെ ജില്ലാ ട്രെയിനിംഗ് സെന്ററിൽ (എ.ആർ. ക്യാമ്പ്) നടന്ന പരിപാടിയിൽ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അദ്ധ്യക്ഷനായി.
ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പരിമൾ ചാറ്റർജി മുഖ്യപ്രഭാഷണം നടത്തി. അശ്വതി ജിജി സംസാരിച്ചു. ബോധവത്കരണം സംബന്ധിച്ച ഇ-മാഗസിൻ സംസ്ഥാന പൊലീസ് മേധാവി പ്രകാശിപ്പിച്ചു. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിനോദ് പിള്ള സ്വാഗതവും ഐഎച്ച്എംഎ എറണാകുളം സെക്രട്ടറി ഡോ. ധന്യ ശശിധരൻ നന്ദിയും പറഞ്ഞു. ഐ.എച്ച്.ആർ.സി ഡയറക്ടർ ഡോ. എ.കെ. ഐഷ ബോധവത്കരണ ക്ലാസ് നയിച്ചു.