നിലമ്പൂർ : ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ പാടശേഖരത്ത് ഏക്കർ കണക്കിന് നെൽകൃഷി ഉണങ്ങിയ നിലയിൽ.പുളിപ്പറമ്പിൽ ത്രേസ്യാമ്മ, പാലോളി കുഞ്ഞാൻ , മുടിക്കോട്ടിൽ നന്ദകുമാർ, ചൂരപ്ര ഗോപാലകൃഷ്ണൻ, തോണിയിൽ ഗോവിന്ദൻതുടങ്ങിയവരുടെ നെൽകൃഷിയാണ് വിളവെടുക്കാൻ സമയമായപ്പോഴേക്കും കരിഞ്ഞുണങ്ങിയ നിലയിൽ കാണപ്പെട്ടത്.
വന്യമൃഗങ്ങളിൽ നിന്നും ക്ഷുദ്ര ജീവികളിൽ നിന്നുമെല്ലാം രക്ഷിച്ച് വിളവെടുക്കാറാകുന്ന സമയത്ത് നെൽക്കതിരുകൾ കരിയുന്നത് കർഷകരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. പാട്ടത്തിനെടുത്തും തന്റെ സ്വന്തം പാടത്തുമായി രണ്ട് ഏക്കറോളം കൃഷി ചെയ്ത പുളിപ്പറമ്പിൽ ത്രേസ്യാമ്മയുടെ കൃഷി പൂർണ്ണമായി ഉണങ്ങി. മുല്ലേരി സുബ്രഹ്മണ്യന്റെഒരേക്കർ കൃഷിയിടത്തിൽ പകുതിയിലേറെയും കരിഞ്ഞ നിലയിലാണ്. പാലോളി കുഞ്ഞാന്റെ അഞ്ചേക്കർ കൃഷിയിടവും പാതിയിലേറെ കരിഞ്ഞു.
മേന്മയേറിയ ഉമ വിത്താണ് ഉപയോഗിച്ചത്.രൂക്ഷമായ വന്യമൃഗശല്യം അതിജീവിച്ച് മുന്നേറുന്ന കൃഷി വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഉണങ്ങുന്നത് കർഷകരെ പാടെ തളർത്തുന്നുണ്ട്. ഒരു ഹെക്ടർ കൃഷി ചെയ്താൽ സബ്സിഡിയായി 21,500 രൂപ കർഷകന് ലഭിക്കും. പുതിയ വിളവെടുക്കുന്നതിന് വരമ്പിടൽ, ഞാറു പാകൽ, നടൽ, ട്രാക്ടർ ഉപയോഗിച്ചുള്ള നിലം ഉഴുതുമറിക്കൽ വളം മറ്റു ചെലവുകൾ, എല്ലാം 40,000 രൂപയോളം ചെലവ് വരും. സെന്റിന് ഒരു രൂപ വച്ച് ഇൻഷ്വർ തുകയും കർഷകൻ അടയ്ക്കണം.
പെരുമ്പത്തൂർ പാടശേഖരത്തിൽ മാത്രമാണ് ഇത്തരം ഒരു രോഗം കണ്ടത് . അമിതമായ നൈട്രജൻ പോലുള്ള വളത്തിന്റെ അമിത പ്രയോഗം ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.വെള്ളത്തിലൂടെ പകർന്ന് മറ്റ് നെൽച്ചെടികൾക്ക് കൂടി ബാധിക്കുന്നു. വിഷയത്തിൽ കർഷകർക്കായി ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
കെ.ടി. ഷബ്ന, ചാലിയാർ പഞ്ചായത്ത് കൃഷി ഓഫീസർ
ഒരേക്കറിൽ കിട്ടാവുന്നതിന്റെ മൂന്നിലൊന്ന് വിളവ് പോലും ഇത്തരം രോഗങ്ങൾ മൂലം കിട്ടുന്നില്ല
മുല്ലേരി സുബ്രഹ്മണ്യൻ, കർഷകൻ