ചോക്കാട് : ചോക്കാട് അങ്ങാടിയിൽ മലയോര ഹൈവേ നിർമ്മാണം തടസ്സപ്പെട്ടതിന് പരിഹാരമായി. എം. എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജനകീയ സമിതിയും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും യു.എൽ.സി.സി ജീവനക്കാരും ചർച്ചയിൽ പങ്കെടുത്തു. ചോക്കാട് അങ്ങാടിയിൽ 12 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കും. ആവശ്യമുള്ള സ്ഥലം വിട്ടുകൊടുക്കാൻ കെട്ടിട ഉടമകളും സമ്മതിച്ചു.15 മീറ്ററിൽ റോഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഒരു വർഷത്തിലേറെ കാലം നിർമ്മാണം മുടങ്ങാൻ കാരണമായത്. അതോടൊപ്പം 12 മീറ്ററിൽ കൂടുതലുള്ള ഭാഗം കല്ലിട്ട് സംരക്ഷിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നു മുതൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവൃത്തി തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു.