
മലപ്പുറം: സംസ്ഥാനത്തെ 857 സർക്കാർ ആശുപത്രികളിൽ 'ഇ- ഹെൽത്ത്' ഓൺലൈൻ സംവിധാനം വഴി, ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നവർ തീരെ കുറവ്. രണ്ടാഴ്ചയ്ക്കിടെ 14.37 ലക്ഷംപേർ ചികിത്സ തേടിയപ്പോൾ 10,614 പേർ മാത്രമാണ് ഓൺലൈൻ വഴി ഒ.പി ടിക്കറ്റെടുത്തത്. എല്ലാ മാസവും ശരാശരി 50-55 ലക്ഷംപേർ ചികിത്സ തേടുന്നുണ്ട്. ഇതിൽ 20,000 -25,000 രോഗികളേ ഓൺലൈനിനെ ആശ്രയിക്കുന്നുള്ളൂ.
ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ ഒരു ശതമാനത്തിൽ താഴെയാണിത്. ബാക്കിയുള്ളവർ നേരിട്ടാണ് ഒ.പി ടിക്കറ്റെടുക്കുന്നത്. ഓൺലൈൻ ഒ.പി ടിക്കറ്റെടുക്കുന്നതിനെ കുറിച്ചുള്ള അവബോധക്കുറവാണ് പ്രധാന കാരണം. പനി സീസണിലും മറ്റും ആശുപത്രികളിൽ മണിക്കൂറുകളോളം ക്യൂ നിന്നാലേ ഒ.പി ടിക്കറ്റെടുക്കാനാവൂ.
സംസ്ഥാനത്തെ 18 മെഡിക്കൽ കോളേജുകളിലായി മാസം പത്തു ലക്ഷത്തോളം പേരാണ് ചികിത്സ തേടുന്നത്. ശരാശരി 30,000- 35,000 പേരാണ് ഓൺലൈൻ വഴി ഒ.പി ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ മാസം 9,57,160 പേർ ചികിത്സ തേടിയപ്പോൾ 33,548പേർ മാത്രമാണ് ഓൺലൈൻ സംവിധാനം ഉപയോഗിച്ചത്.
എളുപ്പത്തിൽ എടുക്കാം
1. ഇ-ഹെൽത്ത് പോർട്ടൽ, മി-ഹെൽത്ത് ആപ്പ് എന്നിവ വഴി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ നമ്പറോ (യു.എച്ച്.ഐ.ഡി), മൊബൈൽ നമ്പറോ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഒ.പി ടിക്കറ്റ് ബുക്കിംഗിന് യു.എച്ച്.ഐ.ഡി നിർബന്ധമാണ്
2. യു.എച്ച്.ഐ.ഡി ഇല്ലാത്തവർ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ നൽകുമ്പോൾ മൊബൈലിൽ ഒ.ടി.പി വരും. ഇതു നൽകുമ്പോൾ യു.എച്ച്.ഐ.ഡി നമ്പർ ലഭിക്കും. ഇതുപയോഗിച്ച് ഒ.പി ടിക്കറ്റെടുക്കാം. ഇതിനുള്ള ഫീസും ഓൺലൈനായി അടയ്ക്കാം
ഓൺലൈൻ ഒ.പിയുള്ള
ആശുപത്രികൾ
മെഡിക്കൽ കോളേജുകൾ...............18
ജില്ലാ, ജനറൽ ആശുപത്രികൾ........33
താലൂക്ക് ആശുപത്രി.........................87
സി.എച്ച്.സി........................................70
പി.എച്ച്.സി.........................................634
സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ.............15