പൊന്നാനി: ഭാരതപ്പുഴയുടെ തീരങ്ങളിൽ പലകാലങ്ങളിലായി രൂപം കൊണ്ട അനേകം തുരുത്തുകൾ വിനോദസഞ്ചാര മേഖലയിൽ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം.

പുഴയുടെ നടുവിൽ പച്ചപ്പിൽ മൂടിയ സ്വാഭാവികമായി രൂപം കൊണ്ട തുരുത്തുകൾ പ്രകൃതിസുന്ദരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ്. ഇത്തരം തുരുത്തുകൾ വേണ്ട രീതിയിൽ പരിപാലിച്ചു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

പുഴയുടെ തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളുമായി ബന്ധിപ്പിച്ച് ബോട്ട് സഫാരികൾ, പക്ഷിനിരീക്ഷണ കേന്ദ്രങ്ങൾ, ഇക്കോഷോപ്പുകൾ, കഫെറ്റീരിയകൾ തുടങ്ങിയവ ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിയാൽ തുരുത്തുകൾ വലിയ സാദ്ധ്യതകളൊരുക്കും.

നിലവിൽ ഭാരതപ്പുഴ ഒഴുകുന്ന പ്രധാന ഇടങ്ങളായ പൊന്നാനി, പട്ടാമ്പി, കുറ്റിപ്പുറം തുടങ്ങിയ മേഖലകളിൽ സ്ഥിതിചെയ്യുന്ന തുരുത്തുകൾ വിനോദസഞ്ചാരികൾക്ക് മനോഹരമായ അനുഭവം നൽകാനുതകുന്നതാണ്. വെള്ളമില്ലാതെ മണൽപരപ്പായി കിടക്കുന്ന കുറ്റിപ്പുറം ഭാഗത്തെ ചെമ്പിക്കൽ പോലെയുള്ള പ്രദേശത്ത് പുഴയിലേക്കിറങ്ങി സായാഹ്നം ആസ്വദിക്കാൻ അയൽ ജില്ലകളിൽ നിന്ന് പോലും ആളുകളെത്തുന്നുണ്ട് . എന്നാൽ പൊന്നാനി ഭാഗത്ത് വർഷം മുഴുവൻ വെള്ളം കെട്ടിനിൽക്കുന്ന പുഴയുടെ മദ്ധ്യഭാഗത്തായി നിലകൊള്ളുന്ന നിരവധി തുരുത്തുകൾ ടൂറിസം സാദ്ധ്യകളേറെയുള്ളതാണ്.
കുറുക്കനും ഇഴജന്തുക്കളും നിലവിൽ ഇത്തരം തുരുത്തുകളിൽ അപകടം സൃഷ്ടിക്കുന്നുണ്ട്. രാത്രി ലഹരിയുടെ ഉപയോഗവും വ്യാപകമാണ്. ഈ സ്ഥിതിക്ക് മാറ്റം വന്നാൽ സന്ധ്യാസമയത്ത് ഭാരതപ്പുഴയിലൂടെ ബോട്ട് യാത്രകളും മറ്റും ഒരുക്കുന്നത് സന്ദർശകരെ ആകർഷിക്കും. ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ തുരുത്തുകളെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി ഉയർത്താനാവും. പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചു ബോട്ട് ജെട്ടികൾ, വാക്ക് വേ, തെരുവ് വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ കർമ്മ റോഡിൽ ഒരുക്കുന്നതിലൂടെ ഒരുപാട് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ​ പൊന്നാനി അഴിമുഖത്തിന് സമീപം പടർന്നു കിടക്കുന്ന കണ്ടൽ കാടുകളും ആരും പരിപാലിക്കാനില്ലാതെ നശിക്കുകയാണ്. ഇവിടെയും ടൂറിസം സാദ്ധ്യതകളേറെയാണ് . നിലവിൽ പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും കുളവാഴ വളർന്നു പുഴയിലെ ജൈവ സമ്പത്തിനും ജലത്തിനും ദോഷമാകുന്ന രീതിയിൽ പടർന്നു വരുന്നുണ്ട്. കർമ്മ റോഡിൽ പലയിടത്തും ഉപയോഗമില്ലാത്ത ടൂറിസ്റ്റ് ബോട്ട് ജെട്ടികളുടെ മാലിന്യം പുഴയിലേക്ക് തന്നെയാണ് പതിക്കുന്നത്. ഇത് തുരുത്തുകളിലെ ജൈവ സമ്പത്തിനും ദോഷം ചെയ്യുന്നു .