മലപ്പുറം: ജില്ലാ കായികമേള ചാത്തന്നൂർ സിന്തറ്റിക് ട്രാക്കിൽ കൊടിയേറിയപ്പോൾ മേളയിലെ ആദ്യ സ്വർണം കരസ്ഥമാക്കി കണ്ണൂർ കേളകം സ്വദേശി അലൻ ജോസഫ് അനീഷ്. സബ് ജൂനിയർ ബോയ്സ് വിഭാഗം ലോംഗ് ജംമ്പ് മത്സരത്തിൽ 5.84 മീറ്റർ ചാടിയാണ് ഐഡിയൽ കടകശ്ശേരി എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അലന്റെ ഈ നേട്ടം. ഉപജില്ല മത്സരത്തിൽ 5.98 മീറ്ററാണ് അലൻ കുറിച്ചിരുന്നത്. കൊട്ടിയൂർ തലക്കണി ജി.യു.പി സ്‌കൂളിൽ പഠിച്ചിരുന്ന അലൻ കായിക താരമാകണമെന്ന സ്വപ്നവുമായി ഇക്കൊല്ലമാണ് ഐഡിയയിൽ എത്തിയത്. കഴിഞ്ഞ വർഷം ഹൈ ജംമ്പിൽ സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്. കേരള ജൂനിയർ അതിലറ്റിക്സിൽ ഹൈ ജംമ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പരിശീലകൻ ടോമി ചെറിയാന്റെ നിർദ്ദേശ പ്രകാരമാണ് ലോംഗ് ജംമ്പ് മത്സരത്തിൽ കൂടി പങ്കെടുത്തത്. ആദ്യ മത്സരത്തിൽ തന്നെ അലൻ സ്വർണവും നേടിയെടുത്തു. ഇന്ന് ഹൈജംമ്പും റിലേ മത്സരവുമുണ്ട്. കഴിഞ്ഞ വർഷം നഷ്ടപെട്ട സംസ്ഥാന തലത്തിലെ സ്വർണം ഇത്തവണ നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് അലൻ. നഴ്സുമാരായ എം.എൽ.അനീഷ് - ജോസഫ് നിമ്മി ദമ്പതികളുടെ മകനാണ്.