ചാത്തന്നൂർ: പരിശീലനത്തിനിടെ കൈയ്ക്ക് പരിക്കേറ്റ റിദയ്ക്ക് ഡോക്ടർ രണ്ടു മാസത്തെ വിശ്രമം നിർദ്ദേശിച്ചു. എന്നാൽ ഡോക്ടറുടെ കണ്ണുവെട്ടിച്ച് റിദ എറിഞ്ഞു വീഴ്ത്തിയത് സ്വർണ മെഡൽ. സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ എം.റിദയുടെ സുവർണയേറ്. പരിക്കിനെ വകവയ്ക്കാതെ ചാത്തന്നൂരിലെ സിന്തറ്റിക്ക് കളത്തിലിറങ്ങിയ റിദ 9.78 മീറ്റർ ദൂരത്തേക്ക് ഷോട്ടെറിഞ്ഞ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഡോക്ടർ വിശ്രമം പറഞ്ഞ സമയത്ത് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സീനിയർ മീറ്റിലും റിദ പങ്കെടുത്തിരുന്നു. അന്ന് വെള്ളി മെഡലുമായാണ് റിദ മടങ്ങിയത്. സീനിയർ മീറ്റിന് മുമ്പായിരുന്നു റിദയ്ക്ക് പരിക്കേറ്റത്. 9.89 മീറ്ററാണ് കരിയർ ബെസ്റ്റ്. റിയാസ് ആലത്തൂരാണ് പരിശീലകൻ. തിരൂർ പുതിയങ്ങാടി സ്വദേശി എം.റഹൂഫ്‌ -റൈഹാനത്ത് ദമ്പതികളുടെ മകളാണ്. ഇന്ന് ഹാമ്മർത്രോയിലും പങ്കെടുക്കുന്നുണ്ട്.