റിപ്പോർട്ട്-അസ്‌ലഹ ബിൻസി
ഫോട്ടോ-ശ്രാവൺ ദാസ്
ചാത്തന്നൂർ: മലപ്പുറം ജില്ലാ കായികമേളയ്ക്ക് പാലക്കാട് ചാത്തന്നൂർ സിന്തറ്റിക് ട്രാക്കിൽ ആവേശത്തുടക്കം. ആദ്യദിന മത്സരങ്ങൾ ആവേശകരമായി അവസാനിച്ചപ്പോൾ 57 പോയിന്റോടെ മുന്നിലുള്ളത് എടപ്പാൾ ഉപജില്ലയാണ്. ഐഡിയൽ കടകശ്ശേരിയുടെ കരുത്തിലാണ് ആറ് സ്വർണ്ണവും 6 വെള്ളിയും 9 വെങ്കലവുമായി എടപ്പാൾ മുന്നിലെത്തിയത്. 6 സ്വർണവും നാലുവെള്ളിയും മൂന്ന് വെങ്കലവുമായി 45 പോയിന്റോടെ തിരൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 15 വർഷമായി എടപ്പാലിന്റെ കൈവശം വെച്ച് ഓവറോൾ ചാമ്പ്യൻപട്ടം കഴിഞ്ഞ വർഷമാണ് തിരൂർ നേടിയെടുത്തത്. കിരീടം തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള പോരാട്ടത്തിലാണ് എടപ്പാൾ, തിരൂർ ഉപജില്ലകൾ.
നാല് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി 30 പോയിന്റോടെ അരീക്കോട് ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി 32 പോയിന്റോടെ നവാമുകുന്ദ എസ്.എസ്. എസ് തിരുനാവായയാണ് മികച്ച സ്‌കൂളുകളിൽ രണ്ടാമതെത്തിയത്. മൂന്ന് സ്വർണ്ണവും രണ്ടു വെള്ളിയുമായി 21 പോയിന്റോടെ എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാടാണ് മൂന്നാം സ്ഥാനത്ത്.
മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി.റഫീഖ് പതാക ഉയർത്തിയ മേള മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.പ്രേമ, ഹയർസെക്കണ്ടറി സ്‌കൂൾ കോ-ഓർഡിനേറ്റർ ഇസ്ഹാഖ്, ജില്ലാ സ്‌പോർട്സ് കോ-ഓർഡിനേറ്റർ ഡോ.എസ്.സന്ദീപ്, പി.പി.സാജൻദാസ്, പി.പി.വിനയൻ, എ.ശിവപ്രസാദ് സംസാരിച്ചു.