ചാത്തന്നൂർ : ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യദിനത്തിൽ പ്രതിഷേധിച്ച് കായികാദ്ധ്യാപകർ. മേളയുടെ ഉദ്ഘാടനത്തിന് മുമ്പായിരുന്നു സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾക്ക് കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, യു.പി, എച്ച്.എസ് തസ്തിക നിർണയ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രധിഷേധം.
സമരക്കാർ പിരിഞ്ഞുപോകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.റഫീഖ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
തുടർന്ന് മേള തടസ്സപ്പെടുത്താതെ പ്രതിഷേധിക്കുമെന്ന് പറഞ്ഞ നൂറോളം സമരക്കാർ സിന്തറ്റിക് ട്രാക്കിൽ കയറി മുദ്രാവാക്യം വിളിച്ചു. പ്ലകാർഡുകൾ പിടിച്ച് ഗ്രൗണ്ട് ചുറ്റിവന്ന പ്രതിഷേധക്കാർ തിരികെ ഉദ്ഘാടന വേദിക്ക് മുമ്പിലെത്തിയപ്പോൾ പൊലീസെത്തി നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ നടന്ന പാലക്കാട് ജില്ലാ കായികമേളയിലും അദ്ധ്യാപകർ പ്രതിഷേധിച്ചിരുന്നു.