തിരൂർ: തുലാം വാവ് ദിനമായ നാളെ തിരുനാവായ ത്രിമൂർത്തി സംഗമ കേന്ദ്രമായ തിരുനാവായ നവാമുകുന്ദാ ക്ഷേത്രത്തിൽ ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തരെത്തും. മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും സാക്ഷിയാക്കി തങ്ങളുടെ പിതുക്കൾക്ക് ശാപമോക്ഷം നേടാനായി തിരുനാവായ നവാമുകുന്ദാ ക്ഷേത്രത്തിൽ എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരെത്തും.

പുലർച്ചെ മൂന്നിന് 16 കർമ്മികളുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. തുലാം വർഷം ശക്തി പ്രാപിച്ചതോടെ ഭാരതപ്പുയിൽ ഒഴുക്ക് ശക്തമാവാൻ സാദ്ധ്യതയുള്ളതിനാൽ ദേവസ്വവും പൊലീസും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊലീസുകാരെ കൂടാതെ അഗ്നിരക്ഷാ സേനാ വിഭാഗം, നൂറുകണക്കിന്

സേവാഭാരതി ഭാരതി വൊളന്റിയർമാർ,ദേവസ്വം വൊളന്റിയർമാർ, ആരോഗ്യ പ്രവർത്തകർ, മുങ്ങൽ വിദഗ്ദ്ധർ, പൊലീസ് വൊളന്റിയർമാർ എന്നിവരുടെ സാന്നിദ്ധ്യവും സുുരക്ഷയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണവുമൊരുക്കും.

കൗണ്ടർ തിരക്ക് നിയന്ത്രിക്കാനായി ക്ഷേത്ര കൗണ്ടറിന് പുറമേ ഗാന്ധി സ്മാരകത്തിന് സമീപത്ത് ഒരു കൗണ്ടറും ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് മറ്റൊരു കൗണ്ടറും പ്രവർത്തിക്കും. തിരൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി പ്രതിമയുടെ മുൻപിൽ ഭക്തരെ ഇറക്കി തിരുനാവായ ടൗൺ കഴിഞ്ഞ് മുന്നോട്ട് പോയി നവാമുകുന്ദാ ഹൈസ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കുറ്റിപ്പുറം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭക്തരെ ഇറക്കി കൊടക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.